കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലിൽ
Monday, October 6, 2025 12:44 PM IST
മ്യൂണിക്: ജര്‍മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്‍ ഓണം ആഘോഷിച്ചു. കേരള സമാജം മ്യൂണിക് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ആയിരത്തിലധികം ജര്‍മന്‍ മലയാളികള്‍ പങ്കെടുത്തു.
മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ അമീര്‍ ബഷീര്‍ ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വുമന്‍സ് ഇന്‍ മ്യൂണിക് അവതരിപ്പിച്ച 164 പേര് പങ്കെടുത്ത 10 മിനിറ്റ് നീണ്ട് നിന്ന മെഗാ തിരുവാതിര ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി.
കീര്‍ത്തി കൃഷ്ണയാണ് കൊറിയോഗ്രഫി ചെയ്തത്. രണ്ടര മാസത്തെ തയാറെടുപ്പിലൂടെയാണ് മെഗാ തിരുവാതിര യാഥാര്‍ഥ്യമായത്. ജര്‍മനിയിലെ കലാസാംസ്കാരിക കൂട്ടായ്മയായ സംസ്കാര അവതരിപ്പിച്ച ചെണ്ടമേളത്തോട് കൂടിയാണ് കലാപരിപാടികള്‍ തുടങ്ങിയത്.
ഗായിക കെ.എസ്. ചിത്രയുടെ സെമിക്ളാസിക്കല്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച തിരുവാതിരനൃത്തം കാഴ്ചക്കാരുടെ മനം കവര്‍ന്നു. കെ.എസ്. ചിത്രയുടെ ആശംസകളോടെയാണ് നൃത്തം വേദിയില്‍ അരങ്ങേറിയത്.

കീര്‍ത്തി, ലത, ദിവ്യ, ഐബി, അനില, ഷീബ, രാഖി, ലീന, ഡെയ്മി, ഷബ്ന, ഷൈസ്, സുധ, നിമ്മി, സന്ധ്യ, പ്രീതി, പാര്‍വതി, ആതിര, അപര്‍ണ, ടീന, ജയസൂര്യ, ഗോപിക, നിനി എന്നിവരാണ് നേതൃത്വം നല്‍കിയത്.
ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാർഡ്സില്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുകയാണ് ഇതിന്റെ സംഘാടകര്‍. തുടർന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വടംവലി എന്നിവയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.