എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
ജോസ് കുമ്പിളുവേലില്‍
Tuesday, October 7, 2025 10:08 AM IST
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച എബ്രഹാം ഉമ്മന്റെ (അച്ചന്‍കുഞ്ഞ് - 92) സംസ്കാരം ഇന്ന് രാവിലെ 9.15ന് കൊളോണ്‍ നൊയേബ്രുക്ക് സെന്റ് അഡല്ഹൈഡ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളോടുകൂടി ആരംഭിച്ച് 11ന് കൊളോണ്‍ ബ്രുക്കിലെ സെമിത്തേരിയില്‍ നടക്കും.
ചെങ്ങന്നൂര്‍ മുളക്കുഴ വലിയതറയില്‍ പരേതനായ എ.സി. ഉമ്മന്റെ മകമാണ്. കൊളോണ്‍ കാരിത്താസിന്റെ സാമൂഹ്യസേവന വിഭാഗത്തില്‍ നിന്നും വിരമിച്ച വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പുളിക്കല്‍ കുടുംബാംഗം വേറോനിയ്ക്കയാണ് ഭാര്യ.
പ്രസന്ന, പ്രസാദ്, പ്രഭ എന്നിവര്‍ മക്കളും ഒലാഫ്, അന്നെ, ഹൈന് എന്നിവര്‍ മരുമക്കളും മഞ്ജുഷ, സരിത, അനുഷ, സന്റോഷ്, സമിര്‍, അവിനാഷ് എന്നിവര്‍ കൊച്ചുമക്കളുമാണ്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് അധ്യാപകന് പരേതനായ റവ. ഡോ. ജേക്കബ് കിഴക്കേടത്ത് സഹോദരനാണ്.
1960ന്റെ പകുതിയില്‍ ജര്‍മനിയിലെത്തിയ അബ്രഹാം ഉമ്മന്‍ 1973ല്‍ മുതല്‍ കൊളോണ്‍ കാരിത്താസിന്റെ സാമൂഹ്യസേവന വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും 1998ല്‍ ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജര്‍മനിയിലെത്തിയ കാലം മുതല്‍ കൊളോണ്‍ മലയാളികളുടെ കലാസാംസ്കാരിക നാടക സാഹിത്യ കായിക പ്രവര്‍ത്തനങ്ങളില്‍ അതീവ തത്പരനായിരുന്നു.
1967ല്‍ തുടങ്ങിവച്ച നാടന്‍കത്ത് എന്ന വാര്‍ത്താമാധ്യമത്തെ തുടര്‍ന്ന് 1973 മുതല്‍ എന്റെ ലോകം എന്ന മാസികയുടെ പത്രാധിപരായിരുന്നു. എന്റെ ലോകം മാസികയുടെ ലേബലില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരെ ജര്‍മനിയില്‍ കൊണ്ടുവന്ന് സാഹിത്യ സമ്മേളനങ്ങള്‍ നടത്തി മലയാള സാഹിത്യത്തെ സജീവമായി പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്.
എന്റെ ലോകം മാസിക പത്താം വര്‍ഷവും 25-ാം വര്‍ഷ ജൂബിലി ആഘോഷിക്കാന്‍ മലയാളത്തിലെ സാമിത്യപ്രമുഖരുടെ സാന്നിധ്യവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. കാരിത്താസിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷ പഠിപ്പിക്കാനും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കാന്‍ അവസരം സൃഷ്ടിക്കുകുകയും ചെയ്തത് വലിയൊരു സേവനമായി.
കൊളോണിലെ ആദ്യകാല മലയാളി സമൂഹത്തിന് വഴികാട്ടിയും ഒരു ജേഷ്ഠസഹോദരനുമായിരുന്നു. കൊളോണ്‍ കേരള സമാജത്തിന് ജന്മം നല്കാന് അബ്രഹാം ഉമ്മന്റെ ചിന്തകളാണ് സഹായകമായത്. ഗ്രന്ഥശേഖരണം വഴി ലൈബ്രറിയും വാരാന്ത്യവായനശാലയും മലയാളപത്രങ്ങളുടെ ലഭ്യതയും ഒരുക്കിയതും ഇദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയുടെ ഉത്തമ ഉദാഹരണങ്ങളാണ്.