യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
സാജൻ പടിക്കമ്യാലിൽ
Monday, October 6, 2025 6:40 PM IST
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഉത്സവമായി മാറി. ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി ക്നാനായ കത്തോലിക്ക പാരമ്പര്യ, പൈതൃകങ്ങളുടെ സംഗമം വേദിയായി മാറി. യുകെയിലെ 15 ക്നാനായ മിഷനുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 9:45ന് ദിവ്യകാരുണ്യ ആരാധനയോടെയാണ് ഈ സംഗമ ദിനം ആരംഭിച്ചത്. തുടർന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമികത്വത്തിലും യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തിൽ വി. കുർബാന നടന്നു. പ്രദക്ഷിണത്തിൽ 15 മിഷനുകളിൽ നിന്നുള്ള 50 ഓളം കുട്ടികളും അൾത്താര ശുശ്രൂഷികളും പങ്കുചേർന്നു.
തുടർന്ന് 15 മിഷനുകളിൽ എഴുതി തയാറാക്കിയ വിശുദ്ധ ഗ്രന്ഥം കുർബാനയിൽ കാഴ്ചയായി അർപ്പിച്ചു. നമ്മുടെ വിവിധങ്ങളായ കഴിവുകൾ വിലയേറിയ സുഗന്ധ തൈലങ്ങളായി ദൈവത്തിന് സമർപ്പിക്കണമെന്ന് മാർ ജോസഫ് പണ്ടാരശേരി വി. കുർബാനയിലെ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു.

തുടർന്ന് അഞ്ച് മക്കളുള്ള കുടുംബങ്ങളെയും 25-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെയും ആദരിച്ചു. രണ്ട് വർഷത്തിനിടെ വിവാഹിതരായ ക്നാനായ സമുദായ അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. പിന്നീട് വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ബിബ്ലിക്കൽ ട്രഷർ ഹണ്ട്, ബിംഗോ, കരിയേഴ്സ് ഫെയർ എന്നീ പരിപാടികൾ നടന്നു.
ഉച്ചഭക്ഷണത്തിനുശേഷം ആയിരങ്ങൾ അണിചേർന്ന് ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. തുടർന്ന് നടന്ന ആമുഖ സ്കിറ്റ് ഏറെ ഹൃദ്യമായിരുന്നു. കഴിഞ്ഞ രണ്ട് വാഴ്വ്കളുടെയും പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ച ഷാജി ചരമേൽ രചനയും സംവിധാനവും നിർവഹിച്ച "വാഴ്വിന്റെ വഴികളിലൂടെ' എന്ന സ്കിറ്റ് ശ്രദ്ധേയമായി.
തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. വാഴ്വ് 2025 - ന്റെ ജനറൽ കൺവീനർ അഭിലാഷ് മൈലപറമ്പിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ ഫാ. സുനി പടിഞ്ഞാറേകര അധ്യക്ഷനായിരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ക്നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടി സാധ്യമായ എല്ലാ വിട്ടുവീഴ്ചകൾളോടും സഹകരണത്തോടും കൂടെ സഭയുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.

തുടർന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബാബു പറമ്പേട്ടുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം, കൈക്കാരന്മാരുടെ പ്രതിനിധിയായി ജില്സ് നന്ദികാട്ട്, ഭക്തസംഘടനകളുടെ പ്രതിനിധിയായി സോണി അനിൽ, മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് പ്രതിനിധിയായ കിഷോർ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പോൺസേഴ്സിനെ ചടങ്ങിൽ ആദരിച്ചു.
ബൈബിൾ കൈയെഴുത്ത് മത്സരത്തിൽ സെന്റ് മൈക്കിൾസ് നോട്ടിംഗ്ഹാം, സെന്റ് ജൂഡ് കവന്ററി, സെന്റ് പയസ് ടെൻത് ലിവർപൂർ എന്നീ മിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർന്ന് വിവിധ മിഷനുകളിൽ നിന്നുള്ള സംഘങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വൈദികർ ചേർന്നാലപിച്ച "ഒന്നാനാം കുന്നിൻമേൽ' എന്ന ഗാനം ഹൃദ്യമായി. പരിപാടികളുടെ സമാപനത്തിലെ ക്നാനായ സിംഫണി മേളം ആടിയും പാടിയും ആവേശത്തോടെ ഏവരും ഏറ്റെടുത്തു. ജോയിന്റെ കൺവീനർ സജി രാമചനാട്ട് നന്ദി പ്രകാശിപ്പിച്ചു.
"വീട് ഒരുക്കാം വാഴ്വിലുടെ' എന്ന പദ്ധതിയിലൂടെ ലഭിച്ച 8,500 യൂറോയുടെ ചെക്ക് മാർ പണ്ടാരശേരിക്ക് കൈമാറി. നാട്ടിലെ ഒരു നിർധന ക്നാനായ കുടുംബത്തിന് ഭവനം നിർമിച്ചു നൽകുന്നതിന് വേണ്ടി തുക വിനിയോഗിക്കും.