ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
മനോജ് ജോസഫ്
Thursday, October 9, 2025 6:45 AM IST
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഓൾ യുകെ പുരുഷവനിതാ വടംവലി മത്സരം ഒക്ടോബർ നാലിന് ലിവർപൂളിലെ നോസ്ലി ലീഷർ & കൾച്ചർ പാർക്ക് ഹാളിൽ (Knowsley Leisure & Culture Park Hall, Huyton) വിജയകരമായി സമാപിച്ചു.
മലയാളി സമൂഹത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണ് ഈ മെമ്മോറിയൽ ട്രോഫി. ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച പ്രോഗ്രാം കോഓർഡിനേറ്റർ ഹരികുമാർ ഗോപാലൻ, ഈ കായിക മാമാങ്കത്തിന്റെ പ്രചോദനം ലിവർപൂൾ മലയാളി സമൂഹത്തിനായി ജീവിതം സമർപ്പിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകളിലാണ് കുടികൊള്ളുന്നതെന്ന് പറഞ്ഞു. അന്തരിച്ച ജോസ് കണ്ണങ്കരയുടെ മകൾ രേഷ്മ ജോസ് അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹപൂർവമായ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ടൈഗേഴ്സ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച പരിശീലനം നേടിയ 5 വനിതാ ടീമുകളും 15 പുരുഷ ടീമുകളും ഉൾപ്പെടെ ആകെ 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തിയത്.
റോയൽ ഡെലിക്കസിയും ലൈഫ്ലൈനുമാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെന്റിൽ നിന്നുള്ള ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് ചാമ്പ്യന്മാർക്ക് 1250 പൗണ്ടും ട്രോഫിയും റോയൽ ഡെലിക്കസി ഉടമ വിനോദിന്റെ മകൾ മിത്ര സമ്മാനിച്ചു.
രണ്ടാം സ്ഥാനം ലഭിച്ച സ്റ്റോക്ക് ലയൺസ് ടീമിന് 850 പൗണ്ടും ട്രോഫിയും ലൈഫ്ലൈൻ കൈമാറി. മൂന്നാം സ്ഥാനം ലഭിച്ച ചാലഞ്ചേഴ്സ് സാലിസ്ബറിക്ക് 500 പൗണ്ടും ട്രോഫിയും ലിവർപൂൾ ടൈഗേഴ്സ് ക്യാപ്റ്റനും ട്രഷററും കൂടി സമ്മാനിച്ചു. നാലാം സ്ഥാനം ലഭിച്ച കൊമ്പൻസ് കാന്റബറിക്കു 350 പൗണ്ടും ട്രോഫിയും ലഭിച്ചപ്പോൾ അഞ്ചുമുതൽ എട്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് പ്രത്യേകമായി 150 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.
ലീമയുടെ സ്വന്തം വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി, യു.കെ.യിലെ ഏറ്റവും മികച്ച വടംവലി ടീം എന്ന പദവിക്ക് അർഹരായി. ഛഹറവമാ മിറ ണീൃരലെലേൃ വനിതാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും ട്രോഫിയും ലഭിച്ചു.
വടംവലി മത്സരം യുകെയിലെ മലയാളികൾക്കിടയിലെ സാമൂഹിക കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായും, ഇനിയും ഇത്തരം സംരംഭങ്ങൾ തുടരുമെന്നും സംഘാടകർ അറിയിച്ചു. യു.കെ. മലയാളി സമൂഹത്തിനിടയിൽ ഒത്തൊരുമയും കായിക സൗഹൃദവും ശക്തിപ്പെടുത്തുന്ന അടുത്ത വർഷത്തെ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് യുകെ മലയാളി സമൂഹം.