എക്കണോമി ക്ലാസ് യാത്രക്കാർക്കും ഇനി സൗജന്യ പാനീയങ്ങൾ; വമ്പൻ നീക്കവുമായി എയർ കാനഡ
പി.പി. ചെറിയാൻ
Thursday, October 9, 2025 3:08 PM IST
ന്യൂയോർക്ക്: വിമാനയാത്രക്കാർക്കായി നോർത്ത് അമേരിക്കൻ എയർലൈൻസായ എയർ കാനഡ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാരുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്കുണ്ടെന്ന് എയർ കാനഡ വൈസ് പ്രസിഡന്റ് സ്കോട്ട് ഒ. ലിയറി വ്യക്തമാക്കി. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഈ പുതിയ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മെക്സിക്കോ, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ എയർ കാനഡയുടെ എല്ലാ യാത്രാമാർഗങ്ങളിലും ഈ സൗജന്യ സേവനം ലഭ്യമാകും.
ബിയർ, വൈൻ എന്നിവ കൂടാതെ കാനഡയിൽ നിർമിച്ച പ്രത്യേക സ്നാക്കുകളും കോംപ്ലിമെന്ററിയായി നൽകും. മറ്റ് പ്രധാന യുഎസ് എയർലൈൻസുകളായ അമേരിക്കൻ, ഡെൽറ്റ, യുനൈറ്റഡ് തുടങ്ങിയവയിൽ ഇത്തരം സൗജന്യ പാനീയങ്ങൾ ലഭ്യമല്ല.
സ്പിരിറ്റ്, ഫ്രൊൺടിയർ, ജെറ്റ്ബ്ലൂ ബജറ്റ് എയർലൈൻസുകൾ പാനീയങ്ങൾക്ക് പണം ഈടാക്കുന്നുണ്ട്.