കാലിഫോർണിയയിൽ ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു
പി.പി. ചെറിയാൻ
Thursday, October 9, 2025 6:03 AM IST
കാലിഫോർണിയ: ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിൽ ഒക്ടോബർ 6ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു. അസംബ്ലി ബിൽ 268 ൽ ഒപ്പുവച്ചതിനെത്തുടർന്ന് ദീപാവലി ദിവസം സംസ്ഥാനം ഔദ്യോഗിക അവധിദിനമായി ആഘോഷിക്കും.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലുടനീളം സന്തോഷവും അഭിമാനവും ഉണർത്തുന്ന ഒരു നീക്കമാണിത്.അമേരിക്കയിൽ ഏറ്റവുമധികം ഇന്ത്യൻ വംശജരുള്ള സംസ്ഥാനമാണ് കാലിഫോർണിയ.
അസംബ്ലി അംഗം ആഷ് കൽറ (ഡി-സാൻ ജോസ്) തയാറാക്കിയ പുതിയ നിയമം, ദീപാവലിയെ ഔദ്യോഗികമായി അംഗീകരിച്ച വെസ്റ്റ് കോസ്റ്റിലെ ആദ്യത്തെ സംസ്ഥാനമായി കാലിഫോർണിയയെ മാറ്റുന്നു, മുൻ വർഷങ്ങളിൽ പെൻസിൽവേനിയ, കനക്ടികട്ട് തുടങ്ങിയ സംസ്ഥാനങ്ങളും ദീപാവലിക്ക് ഔദ്യോഗികമായി അവധി അനുവദിച്ചിട്ടുണ്ട്.
കാലിഫോർണിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരനായ കൽറ, സാൻ ജോസിന്റെ 25-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു, സാംസ്കാരിക വൈവിധ്യത്തെയും ഉൾപ്പെടുത്തലിനെയും ആഘോഷിക്കുന്ന നയങ്ങൾക്കായി വളരെക്കാലമായി വാദിച്ചിട്ടുണ്ട്.