എഫ്ബിഐയുടെ "മോസ്റ്റ് വാണ്ടഡ് ടെൻ’ പട്ടികയിലെ മൂന്നാമത്തെ പ്രതി പിടിയിൽ
പി.പി. ചെറിയാൻ
Saturday, March 22, 2025 7:06 AM IST
വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കൻ ക്രിമിനൽ സംഘം എംഎസ്13ന്റെ നേതാവെന്ന് സംശയിക്കുന്ന ഫ്രാൻസിസ്കോ ജാവിയർ റോമൻബാർഡേൽസിനെ മെക്സിക്കോയിൽ നിന്ന് പിടികൂടി. എഫ്ബിഐയുടെ "മോസ്റ്റ് വാണ്ടഡ് ടെൻ’ പട്ടികയിലെ മൂന്നാമാത്തെ പേരുകാരനാണ് ഇയാൾ.
ട്രംപ് ഭരണകൂടത്തിന്റെ പിടിയിലായ ഇയാളെ യുഎസിലേക്ക് കൊണ്ടുവന്ന് നിയമനടപടികൾ സ്വീകരിക്കും. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറസ്റ്റ് സ്ഥിരീകരിച്ചു. നേരത്തെ കൊലപാതക കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന അർനോൾഡോ ജിമെനെസിനെ ജനുവരി 31ന് പിടികൂടിയിരുന്നു.
കുട്ടികളെ ലൈംഗികമായി കടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ഡോണൾഡ് യൂജിൻ ഫീൽഡ്സിനെ ജനുവരി 25നും അറസ്റ്റ് ചെയ്തു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ കുറ്റവാളികളെ കണ്ടെത്തി നീതി നടപ്പാക്കുമെന്ന് എഫ്ബിഐ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ബെൻ വില്യംസൺ പറഞ്ഞു.