ടെക്സസ് ഗവർണർ റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാകുമോ?
ഏബ്രഹാം തോമസ്
Wednesday, March 26, 2025 5:13 PM IST
ടെക്സസ്: റിപ്പബ്ലിക്കൻ പാർട്ടിയിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു. വർഷങ്ങളായി പടുത്തുയർത്തിയ ജനപ്രിയത വളരുന്ന കാഴ്ചയാണ് രാഷ്ടീയ നിരീക്ഷകർ കാണുന്നത്.
പ്രസിഡന്റ് ട്രംപിന് പിന്നിൽ ദൃഢമായി നിന്നത് പാർട്ടിയിൽ അദ്ദേഹത്തിന്റെ പിന്തുണ വർധിപ്പിച്ചു. മൂന്നു തവണ ടെക്സസ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത് ജനപിന്തുണ വർധിച്ചതിന് തെളിവായി നിരീക്ഷകർ പറയുന്നു.
ട്രംപിന് നൽകിയ നിരുപാധിക പിന്തുണയും ടെക്സസും മെക്സികോയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങളിൽ സ്വീകരിച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടും അബോട്ടിന്റെ വളർച്ചയെ സഹായിച്ചു.
അബോട്ട് പടുത്തുയർത്തിയ ദേശീയ പ്രതിച്ഛായ അധികം ഗവർണർമാർക്ക് അവകാശപ്പെടാനാവില്ല. കഴിഞ്ഞ പത്തു വർഷങ്ങളിൽ പ്രസിഡന്റിന്റെ പ്രശംസയും പിന്തുണയും നിരുപാധികം അബോട്ടിനു ലഭിച്ചിരുന്നു.
അബോട്ടിനു യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനോ നാലാം തവണയും ഗവർണർ അകാൻ മത്സരിക്കുവാനോ ഉള്ള അവസരം ഒരുങ്ങുകയാണ്. രണ്ടു മാർഗങ്ങളിൽ ഏതായാലും റിപ്പബ്ലിക്കൻ പാർട്ടിയിൽ അദ്ദേഹത്തിന് വലിയ കരുത്തും ശക്തിയും നൽകുന്ന വർഷങ്ങളാണ് മുന്നിലുള്ളത്.
രണ്ടാമത് തവണ പ്രസിഡന്റായി അധികാരം ഏറ്റതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് അബോട്ടിനു മേൽ പ്രശംസകൾ ചൊരിയുന്നത് കണ്ടവർ അബോട്ടിനെ കാത്തിരിക്കുന്ന വലിയ പദവിയെ കുറിച്ച് ചർച്ചകളിൽ മുഴുകി.
അബോട്ടും ട്രംപും തമ്മിൽ സാമ്യങ്ങൾ ഏറെയുണ്ട്. രണ്ടു പേർക്കും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കു മാധ്യമങ്ങളിലൂടെ എല്ലാവരും അറിയിണമെന്ന് നിർബന്ധമുണ്ട്. ഇത് തന്നെയാണ് അബോട്ട് ഗവർണർ സ്ഥാനത്തു തന്നെ ഒതുങ്ങി നിൽക്കില്ല എന്ന് ഊഹിക്കുവാൻ നിരീക്ഷകരെ തയാറാക്കിയത്.
ഇപ്പോൾ അബോട്ട് ടെക്സസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ വ്യാപൃതനായി കഴിയുകയാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയിൽ ട്രംപിനോട് തനിക്കു വാഷിംഗ്ടണിലേക്ക് പോകാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു.
ഇതൊക്കെയാണെങ്കിലും അബോട്ടിന്റെ ഭാവി സ്വപ്നങ്ങളെ കുറിച്ച് ഊഹാപോഹങ്ങൾ തുടരുകയാണ്. 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ അബോട്ട് ചില്ലറ ശ്രമങ്ങൾ നടത്തിയതാണ്. എന്നാൽ പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, യുഎസ് സെനറ്റർ റ്റെഡ് ക്രൂസ് (ടെക്സസ്) തുടങ്ങി ധാരാളം പേർ റിപ്പബ്ലിക്കൻ പ്രൈമറികളിൽ മത്സരിക്കുവാൻ തയാറായേക്കും. അടുത്ത വർഷം (2026) ആദ്യം മുതൽ സൂചനകൾ ലഭ്യമായി തുടങ്ങും.
അബോട്ട് ഫെഡറൽ ഗവൺമെന്റിന്റെ പിന്തുണയിൽ പല കാര്യങ്ങളും ടെക്സസിനു വേണ്ടി ചെയ്തിട്ടുണ്ട്. യുദ്ധമുഖത്ത് നിന്ന് ശാരീരിക പരിമിതികളുമായി മടങ്ങിയ ഈ വിമുക്ത ഭടൻ വീൽ ചെയറിൽ ഇരുന്നാണ് കൃത്യ നിർവഹണം നടത്തുന്നത്.
ശാരീരിക പരിമിതികൾ എല്ലാം മറികടന്ന് അബോട്ടിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റ് ലഭിക്കുമോ എന്നോ പ്രസിഡന്റായി വിജയിക്കുവാൻ സാധിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.