യുഎസ് ഇതുവരെ നാടുകടത്തിയത് 388 ഇന്ത്യക്കാരെ
Saturday, March 22, 2025 12:14 PM IST
ന്യൂഡൽഹി: ഈവർഷം ജനുവരി മുതൽ 388 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തിയതായി വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ്. ഇവരിൽ 333 പേരെ കഴിഞ്ഞമാസം മൂന്നു വ്യത്യസ്ത സൈനിക വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചു.
കൂടാതെ, വാണിജ്യ വിമാനങ്ങളിൽ പനാമ വഴി 55 ഇന്ത്യൻ പൗരന്മാരെയും നാടുകടത്തി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്.
നാടുകടത്തൽ നടപടി നേരിട്ട് കസ്റ്റഡിയിലുള്ള 295 പേരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികാരികൾ നൽകിയതായും വിദേശകാര്യ മന്ത്രാലയം, മറ്റു ബന്ധപ്പെട്ട ഏജൻസികളുമായി ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക 2009 മുതൽ 2024 വരെ 15,564 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്.