യുഎസിന്റെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ; വിവാദം കത്തുന്നു
Wednesday, March 26, 2025 1:25 PM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ വിമതവിഭാഗമായ ഹൂതികൾക്കെതിരേയുള്ള അമേരിക്കയുടെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു വാട്സ്ആപ് ഗ്രൂപ്പിലൂടെ ചോർന്നു കിട്ടിയ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഏറ്റെടുത്തു.
ആക്രമണത്തിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിൽ "ദ അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫ്രി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ക്കുകയായിരുന്നെന്ന് അദ്ദേഹം അറിയിച്ചു.
ഗ്രൂപ്പ് ഉണ്ടാക്കിയത് താനാണെന്നും എല്ലാം ഏകോപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് തന്റെ ജോലിയെന്നും വാൾട്സ് പറഞ്ഞു. എന്നാൽ താൻ അബദ്ധത്തിൽ ഗ്രൂപ്പിൽ ചേർത്ത പത്രപ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാറ്റ് ഗ്രൂപ്പിൽ ചേക്കപ്പെട്ടതോടെ യുഎസിന്റെ യെമന്‍ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ ജെഫ്രിക്കു ലഭിച്ചിരുന്നു. യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങളാണ് ലഭിച്ചത്.
എന്നാൽ, സൈനിക പദ്ധതിയുടെ വിശദാംശങ്ങൾ ജെഫ്രി പുറത്തുവിട്ടിരുന്നില്ല. പിന്നീട് ആ ഗ്രൂപ്പില്‍നിന്ന് ജെഫ്രി സ്വയം പുറത്തുപോകുകയായിരുന്നു. ഗ്രൂപ്പില്‍ ഏറെസമയം ഉണ്ടായിരുന്നിട്ടും ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.