റവ.ഫാ. യോഹന്നാന് പണിക്കരുടെ സംസ്കാരം 31ന്
മനു തുരുത്തിക്കാടന്‍
Wednesday, March 26, 2025 3:24 PM IST
വിറ്റിയര്‍: ലോസ് ആഞ്ചലസില്‍ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികന് റവ.ഫാ. യോഹന്നാന് പണിക്കരുടെ പൊതുദര്‍ശനം ശനിയാഴ്ച(മാര്‍ച്ച് 29) രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ അനാഹൈമിലുള്ള സെന്റ് ജോണ്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടക്കും.
സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച(31) 12.30ന് സെന്റ് തോമസ് വലിയ പള്ളിയില്‍ ആരംഭിച്ച് 3.30ന് സൈപ്രസിലുള്ള ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

ഭാര്യ പരേതയായ ലില്ലിക്കുട്ടി പണിക്കര്‍. മക്കള്‍: ഡോ. ടോബിന് പണിക്കര്‍, ജോബിന് പണിക്കര്‍ (മാധ്യമ പ്രവര്ത്തകന്), റേച്ചല്‍ മാത്യു(പബ്ലിക് ഹെല്‍ത്ത്). മരുമക്കള്‍: ഡോ. സുമി പണിക്കര്‍, അഡ്വ. ജെനി പണിക്കര്‍, ഡീക്കന്‍ സ്റ്റെഫിന് മാത്യു.
കൊല്ലം കുണ്ടറ മേച്ചിറയില്‍ കുടുംബാംഗമായ ഫാ. യോഹന്നാന് പണിക്കര്‍ കഴിഞ്ഞ 42 വര്‍ഷമായി ലോസ് ആഞ്ചലസ് സെന്റ് തോമസ് വലിയപള്ളി വികാരിയായിരുന്നു.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ നിന്നും ബിരുദ പഠനത്തിനുശേഷം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കി. 1983ല്‍ ലോസ് ആഞ്ചലസ് ഇടവകയുടെ വികാരിയായി ചുമതലയേറ്റു.
ലോസ് ആഞ്ചലസ് എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രഥമ ചെയര്‍മാനായിരുന്നു. അരിസോണ, ലാസ്വേഗാസ് സംസ്ഥാനങ്ങളിലും കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ, സാന്റിയോഗ എന്നീ നഗരങ്ങളിലും ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്കി.

ആത്മീയ മേഖലയ്ക്കുപുറമെ വിവിധ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ചെയര്മാന് സാബു തോമസ് കോര്‍എപ്പിസ്കോപ്പ, സെക്രട്ടറി മനു വര്‍ഗീസ്, ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, വിവിധ സഭകളിലെ വൈദീകര്‍, കേരള അസോസിയേഷന് ഓഫ് ലോസ് ആഞ്ചലസ്, വാലി മലയാളി അസോസിയേഷന് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഈവാനിയോസ്, മറ്റ് വൈദീകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.