എമ്പുരാൻ തരംഗം ഡാളസിലും; വരവേൽക്കാൻ നാല് തിയറ്ററുകളിലെ ആദ്യ ഷോ ടിക്കറ്റ് ഒന്നിച്ചു വാങ്ങി ഫാൻസ്
മാർട്ടിൻ വിലങ്ങോലിൽ
Friday, March 21, 2025 6:52 AM IST
ടെക്സസ്: മാർച്ച് 26ന് അമേരിക്കയിൽ തിയറ്ററുകളിൽ റിലീസാകുന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ എമ്പുരാനെ വരവേൽക്കാൻ ഒരുങ്ങി ലാലേട്ടൻ ആരാധകർ റെഡി. ഡാളസിലെ സൗഹൃദ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസാണ് ഫാൻസ് ഷോയ്ക്ക് നേതൃത്വം നൽകുന്നത്.
പ്രീബുക്കിംഗ് തുടങ്ങി ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ സിനിമാർക്കിന്റെ നാല് തിയറ്ററുകളിലെ ആദ്യ ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇവർ വാങ്ങി. അതോടെ സിനിമാർക്കിന്റെ നാലു തിയറ്ററുകളുടെ ആദ്യ ഷോ ഇപ്പോൾ തന്നെ ഹൗസ്ഫുൾ ആയി.

എമ്പുരാന്റെ പ്രീമിയർ ഷോ ആഘോഷിക്കാൻ തയാറെടുത്തതായി മോഹൻലാലിന്റെ കടുത്ത ആരാധകരും ഡാളസ് ഗ്രൂപ്പിന്റെ വക്താക്കളും പറഞ്ഞു. 700ഓളം ലാലേട്ടൻ ആരാധകരാണ് ഈ ഫാൻസ് ഷോ ആസ്വദിക്കാനായി ഒരുങ്ങുന്നത്. ലൂയിസ് വിൽ സിനിമാർക്കിൽ മാർച്ച് 26 രാത്രി 8.30നാണ് ആദ്യ ഷോകളുടെ പ്രദർശനം.
ഉത്സവസമാനമായ അന്തരീക്ഷത്തിൽ ലാലേട്ടൻ ആരാധകരെ ആവേശത്തിലാറാടിച്ച് ആദ്യ പ്രദർശനം ആഘോഷകരമാക്കാനാണ് ഇവരുടെ പദ്ധതി. തിയറ്ററിൽ വൈകുന്നേരം ഏഴിന് ആട്ടം ഓഫ് ഡാളസിന്റെ ചെണ്ട വാദ്യമേളത്തോടെ തുടക്കം.

മെഗാ ഫാൻസ് ഷോയ്ക്ക് മോടി കൂട്ടാൻ യുറ്റിഡി ഡാളസ് ക്യാന്പസുകളിലെ മലയാളി സ്റ്റുഡൻസ് കോമറ്റ്സ് അസോസിയേഷൻ നടത്തുന്ന സ്പ്ലാഷ് മോബ് സംഘടിപ്പിക്കും. അതോടൊപ്പം വിവിധങ്ങളായ "സർപ്രൈസ്’ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു ഫാൻസ് ഷോ നടന്നിട്ടില്ല എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. നാട്ടിൽ നടക്കുന്ന അതേസമയം തന്നെ ഇവിടെയും ഫാൻസ് ഷോ നടത്തുവാനാണ് യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെ തീരുമാനം.