കൊപ്പേൽ ഇടവകയിൽ പുതുതായി 22 കുട്ടികൾ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു
മാർട്ടിൻ വിലങ്ങോലിൽ
Friday, March 21, 2025 6:09 AM IST
കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിക്ക് അനുഗ്രഹ മുഹൂർത്തം സമ്മാനിച്ച് 22 ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതയിൽ ആദ്യമായാണ് ഒരു പള്ളിയിൽ ഇത്രയധികം കുട്ടികൾ ഒന്നിച്ച് ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്.

ഈ മാസം 14ന് പള്ളിയിൽ കുർബാനയ്ക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ച ശേഷം തിരുവസ്ത്രം നൽകി.
വി. അൽഫോൻസാമ്മയ്ക്ക് പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താരസേവനത്തിന് തുടക്കംകുറിച്ചു. പുരോഹിതർക്കൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ പള്ളിക്കും അത് ധന്യമുഹൂർത്തമായി.
ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ നേതൃത്വം നൽകി.