കുടുംബ സംഗമവും അക്കാദമിക് അവാർഡ് നൈറ്റും സംഘടിപ്പിച്ച് നായർ ബനവലന്റ് അസോസിയേഷൻ
ജയപ്രകാശ് നായർ
Friday, March 21, 2025 3:33 AM IST
ന്യൂയോര്ക്ക്: ന്യൂയോർക്കിലുള്ള കൊട്ടില്യൺ റസ്റ്ററന്റിൽ വച്ച് ഈ മാസം 15ന് വൈകുന്നേരം ആറ് മുതൽ നായർ ബനവലന്റ് അസോസിയേഷൻ, വാർഷിക കുടുംബ സംഗമവും അക്കാദമിക് അവാർഡ് നൈറ്റും സംഘടിപ്പിച്ചു. ജോ. സെക്രട്ടറി ജയപ്രകാശ് നായർ ഏവരെയും സ്വാഗതം ചെയ്തു.

പ്രസിഡന്റ് ക്രിസ് തോപ്പിൽ ചീഫ് ഗസ്റ്റിനെയും അവാർഡുകൾ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ആക്ടിംഗ് ചെയർമാൻ ഉണ്ണിക്കൃഷ്ണ മേനോൻ, എൻബിഎയുടെ പ്രവർത്തനം മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നിൽക്കുന്നു എന്നു പറഞ്ഞു.
തുടർന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ. മധു ഭാസ്കർ, കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷാ പിള്ള, മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, ട്രഷറർ രാധാമണി നായർ,
ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ആക്ടിംഗ് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണ മെനോൻ, ജോ. സെക്രട്ടറി ജയപ്രകാശ് നായർ, കൾച്ചറൽ കമ്മിറ്റി ചെയർ ഊർമ്മിള റാണി നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് പരിപാടികൾ സംഘടിപ്പിക്കുന്നതിന് നിയുക്തരായ ഊർമ്മിള റാണി നായർ, ശോഭ കറുവക്കാട്ട്, കലാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എല്ലാ വിദ്യാർഥികൾക്കും അവാർഡുകൾ നൽകി ആദരിച്ചു.
അവാർഡ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. മധു ഭാസ്കർ പ്രസംഗിച്ചു. കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷാ പിള്ള, മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാർകെ എന്നിവർ അക്കാദമിക് അവാർഡുകൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ശബരീനാഥ് നായർ, രവി നായർ വെള്ളിക്കെട്ടിൽ, അജിത് നായർ, അപ്പൻ മേനോൻ, മുരളീധര പണിക്കർ, പ്രേംജി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പാണ്ടത്ത് രാമൻകുട്ടി കവിത ആലപിച്ചു.

ശോഭ കറുവക്കാട്ട്, റാണി ഊർമിള നായർ, കലാ മേനോൻ എന്നിവർ സംഘടിപ്പിച്ച “ബിംഗോ”യിൽ സന്നിഹിതരായിരുന്നവരെല്ലാം തന്നെ പങ്കെടുത്തു. ഡിന്നറിനുശേഷം വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശന പ്രസംഗത്തോടെ പരിപാടികൾ സമാപിച്ചു.