ഷിക്കാഗോയിലെ മലങ്കര ഓർത്തഡോക്സ് കൂട്ടായ്മയെ നയിക്കാൻ ഡോ. ബിനു ഫിലിപ്പ്
എ.എസ് ശ്രീകുമാര്
Friday, March 21, 2025 3:00 AM IST
ഷിക്കാഗോ: വിശ്വാസത്തിലടിയുറച്ച് ഷിക്കാഗോയുടെ മണ്ണിൽ ജീവിക്കുന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സഭാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും കേരളത്തിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവരും ഇവിടെ ജനിച്ചു വളരുന്നവരുമായ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ വിശ്വാസികൾക്ക് അവരുടെ പൈതൃകവും സംസ്കാരവും സഭാപരമായ മൂല്യങ്ങളും ചോർന്നു പോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുന്നതിനും ’മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ’ (എംഒസിഎസ്) പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ബിനു ഫിലിപ്പ് പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ രൂപീകരിക്കാനുണ്ടായ സാഹചര്യം?
ഇപ്പോഴത്തെ മൂന്നാം തലമുറയ്ക്ക് സ്വന്തം സമുദായത്തിന്റേതായ ഒരു ഫീലിങ് ഇല്ല. ആത്മീയ കാര്യങ്ങളിൽ നിന്ന് കുട്ടികൾ അകന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
വിവിധ സ്റ്റേറ്റുകളിലെല്ലാം പള്ളികൾ ഉണ്ട്. എന്നാൽ ഇടവക അംഗങ്ങൾ തമ്മിൽ ഈടുറ്റ ബന്ധം ഉണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് കുട്ടികൾക്ക് പരസ്പരം പരിചയപ്പെടുവാനും ആത്മബന്ധം സ്ഥാപിക്കാനും പറ്റുന്നില്ല.
യുവജനങ്ങളും ഇതേ അവസ്ഥയിൽ തന്നെയാണ്. മക്കളൊക്കെ ജോലിയും മറ്റുമായി ദൂരസ്ഥലങ്ങളിലായതിനാൽ അവരുടെ വൃദ്ധ മാതാപിതാക്കൾ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് ഈ സൊസൈറ്റിക്ക് രൂപം കൊടുത്തത്.
പുതിയ തലമുറ എന്തുകൊണ്ട് വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്നു?
അവരുടെ പ്രവർത്തന മണ്ഡലം വളരെ പരിമിതമാണ്. ഓരോ പള്ളികളിലും വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉള്ളൂ. ഈ സഭയിൽ തന്നെയുള്ള കുട്ടികൾക്ക് പരസ്പരം സമ്പർക്കം പുലർത്താനുള്ള വേദി തന്നെ നിലവിലില്ല. അതുകൊണ്ട് അവർ വിശ്വാസത്തിൽ നിന്ന് മനഃപൂർവമല്ലാതെ മാറിപ്പോവുകയാണ്.
റിട്ടയർ ചെയ്ത മാതാപിതാക്കളുടെ അവസ്ഥയും മാറേണ്ടതല്ലേ?
അതെ, ഇഷ്ടപ്പെട്ട കൂട്ടുകാരും വിനോദ ഉപാധികളും ഒന്നുമില്ലാതെ വീടുകളിൽ അടച്ചു പൂട്ടി കഴിയുന്നവരാണ് വയോധികർ ഉൾപ്പെടെയുള്ള മാതാപിതാക്കൾ. ഞായറാഴ്ചകളിൽ മാത്രം പള്ളികളിൽ പോയി കുർബാന കണ്ട് മടങ്ങി വരുന്നതൊഴിച്ച് അവർ പുറത്തിറങ്ങുന്നില്ല. മറ്റൊരു കാര്യത്തിലും അവർ വ്യാപൃതരുമല്ല.
ഈ പ്രശ്നം എപ്രകാരമാണ് പരിഹരിക്കാൻ സാധിക്കുക?
ഇതിനായി നമ്മൾ ഒരു കമ്മ്യൂണിറ്റി സെന്റർ വിഭാവനം ചെയ്യുന്നുണ്ട്. പ്രായമേറിയവർക്കെല്ലാം അവിടെയെത്തി സംസാരിക്കുവാനും പലവിധ വിനോദങ്ങളിലും ആക്ടിവിറ്റികളിലും മറ്റും ഏർപ്പെടുവാനും ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കും.
ഷിക്കാഗോ ലാൻഡിന്റെ നല്ലൊരു ഏരിയയിലായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കുക. പ്രായഭേദമെന്യേ എല്ലാവർക്കും ഒന്നിച്ചു ചേരുവാനുള്ള ഈ കമ്മ്യൂണിറ്റി സെന്റർ എംഒസിഎസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്.
മലങ്കര ഓർത്തഡോക്സ് കുടുംബാംഗങ്ങൾക്ക് സായാഹ്നങ്ങളിൽ ഒരുമിച്ച് കൂടി വിശേഷങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾക്കും മുതിർന്നവർക്കും കലാ കായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സഭാ വിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റർ.
എംഒസിഎസ് ഒരു സാമുദായിക സംഘടന ആയിട്ടാണോ പ്രവർത്തിക്കുക?
ഒരു സാമുദായിക സംഘടനയ്ക്കുപരിയായി വിശ്വാസവും ആത്മീയതയും ചോർന്നു പോകാത്ത സാമൂഹിക സംഘടന എന്ന നിലയിലായിരിക്കും എംഒസിഎസ് പ്രവർത്തിക്കുക. ഏതെങ്കിലുമൊരു പാരീഷുമായി ബന്ധപ്പെട്ടല്ല ഈ സൊസൈറ്റിയുടെ പ്രവർത്തനം. ഷിക്കാഗോ ലാൻഡിലെ നാല് പള്ളികളിലുള്ളവരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.
ഏതൊക്കെയാണ് ആ പള്ളികൾ?
ഓക്ലോണിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, എൽമോയിസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ബെൽവുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ ചർച്ച്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നീ പള്ളികളിലുള്ള അറുന്നൂറോളം കുടുംബങ്ങളാണ് എംഒസിഎസിലെ അംഗങ്ങൾ.
1972ൽ സ്ഥാപിച്ച സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിലെ അംഗങ്ങൾ പല കാലങ്ങളിൽ വിഘടിച്ചു മാറിയാണ് മറ്റ് പള്ളികൾ സ്ഥാപിച്ചത്. ഇനി എല്ലാവരും ഒന്നാകാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ടാണ് ഒരു സൊസൈറ്റിയുടെ കീഴിൽ ഏവരെയും അണിനിരത്തുന്നത്.∙
ഷിക്കാഗോയിലെ സഭയുടെ വളർച്ചയെ പറ്റി?
എഴുപതുകളിൽ നാലോ അഞ്ചോ കുടുംബങ്ങൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത് 600 കുടുംബങ്ങളായി വർദ്ധിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് അനേകം പേർ ഡാലസിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്. അവരൊന്നും പോയില്ലായിരുന്നുവെങ്കിൽ ഇപ്പോഴിവിടെ 1500ഓളം കുടുംബങ്ങൾ ഉണ്ടാകുമായിരുന്നു.∙
മറ്റ് സ്റ്റേറ്റുകളിൽ എംഒസിഎസിന്റെ യൂണിറ്റുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടോ?
താത്പര്യമുള്ളവർക്ക് ആവാം. അങ്ങനെ എംഒസിഎസ് നോർത്ത് അമേരിക്കയാകെ വ്യാപിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ സ്വപ്നം സഫലമായാൽ ’മലങ്കര ഓർത്തഡോക്സ് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക’ എന്ന വിപുലമായ ഒരു അംബ്രല്ല ഓർഗനൈസേഷൻ രൂപീകരിക്കാനാവും. ഈ പേര് നമ്മൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
എംഒസിഎസ് രൂപീകരിക്കാനുള്ള ലീഗൽ പ്രോസസ് എന്തായിരുന്നു?
2024 ഫെബ്രുവരി 10ാം തീയതി മേൽ സൂചിപ്പിച്ച നാല് പള്ളികളിലെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് ഈ കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 26ന് ഇല്ലിനോയ് സ്റ്റേറ്റുമായി എംഒസിഎസ് രജിസ്റ്റർ ചെയ്തു. അങ്ങനെ എംഒസിഎസ് എന്ന പേര് നിയമാനുസൃതം സ്ഥാപിച്ചു കിട്ടി. ജൂലൈ മാസത്തിൽ ഫെഡറൽ ഗവൺമെന്റുമായി രജിസ്റ്റർ ചെയ്തു. അങ്ങനെ ഫെഡറൽ ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു സോഷ്യൽചാരിറ്റബിൾനോൺ പ്രോഫിറ്റ് ഓർഗനൈസേഷനായി എംഒസിഎസ് നിലവിൽ വന്നു.∙
എന്താണ് എംഒസിഎസിന്റെ ജീവകാരുണ്യ പദ്ധതികൾ?
ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആളുകൾക്ക് സൊസൈറ്റി സഹായം എത്തിച്ചു കൊടുക്കും. ഇതു സംബന്ധിച്ച് ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ട്.
റിട്ടയർ ചെയ്ത് ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്നവരെ പരിചരിക്കാൻ ആരും തന്നെ അടുത്തില്ലാത്ത അവസ്ഥയുണ്ട്. അവരെ സഹായിക്കാനും ശുശ്രൂഷിക്കാനും, ഈ മേഖലയിൽ ജനസമ്മതി നേടിയ സംഘടനകളുമായി കൈ കോർത്തു കൊണ്ട് എംഒസിഎസ് സേവനം വ്യാപിപ്പിക്കും.
വൃദ്ധരായ നമ്മുടെ മാതാപിതാക്കളെ കാണാൻ മക്കൾക്കും കൊച്ചുമക്കൾക്കും ബന്ധുമിത്രാദികൾക്കുമെല്ലാം അവസരമുണ്ടാകും.∙വനിതകളെ സംബന്ധിച്ച്?അമേരിക്കൻ മലയാളി സമൂഹത്തിലെ ഇതര സാമൂഹികസാംസ്കാരികസാമുദായിക സംഘടനകളിൽ ഉള്ളതുപോലെ തന്നെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്ന ഒരു വനിതാ ഫോറം നമ്മൾ രൂപീകരിക്കും. അതുപോലെ യൂത്ത് ഫോറവും കിഡ്സ് ഫോറവും ഉണ്ടാവും.
വനിതകളുടെയും യുവാക്കളുടെയും കുട്ടികളുടെയുമൊക്കെ ആക്റ്റിവിറ്റികൾ ഇപ്പോൾ നടക്കുന്നത് അതാത് പള്ളികൾ കേന്ദ്രീകരിച്ചാണ്. എന്നാൽ എംഒസിഎസിന്റെ വിവിധ ഫോറങ്ങൾ നിലവിൽ വരുന്നതോടു കൂടി അതിനെല്ലാം ഒരു ഏകീകൃത സ്വഭാവം കൈവരും.∙എംഒസിഎസിന്റെ ഭരണക്രമം എങ്ങനെയാണ്? രണ്ട് തരത്തിലുള്ള സംവിധാനമാണ് ഉള്ളത്.
ആറ് പേരുള്ള ട്രസ്റ്റി ബോർഡും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് ബോർഡുമാണ് ഭരണം നിർവഹിക്കുന്നത്.∙ആർക്കൊക്കെയാണ് ഈ സൊസൈറ്റിയിൽ അംഗത്വം ലഭിക്കുകഇല്ലിനോയ്, ഇൻഡ്യാന, വിസ്കോൻസെൻ, മിസോറി എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ളവർ അംഗത്വത്തിന് അർഹരാണ്.

മിഷിഗനിൽ ഉള്ളവർക്ക് ഇപ്പോൾ താൽക്കാലിക അംഗത്വം കൊടുക്കുന്നുണ്ട്. അംഗത്വത്തിന് അപേക്ഷിക്കുന്നവർ അമേരിക്കൻ സിറ്റിസണോ സ്ഥിര താമസക്കാരോ ആവണം. എച്ച് വൺ ബി വീസ ഉള്ളവർക്കും അംഗമാകാം. 18 വയസ്സ് കഴിഞ്ഞവർക്ക് വിവിധ ബോർഡുകളിൽ ഭാരവാഹിത്വം വഹിക്കാൻ യോഗ്യതയുണ്ട്.
ഡോ. ബിനു ഫിലിപ്പിന്റെ ഭാര്യ ഡോ. സിബിൽ ഫിലിപ്പ് ഇന്ത്യയിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി അമേരിക്കയിലെത്തിയ ശേഷം സെന്റ് ഫ്രാൻസിസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും നേടി. കുറച്ചുകാലത്തെ പ്രാക്ടീസിനെ തുടർന്ന് ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായി.
നിലവിൽ അസോസിയേഷന്റെ ജോയിന്റ് ട്രഷററായ ഡോ. സിബിൽ ഫിലിപ്പ് ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ അവതാരകയും സജീവ പ്രവർത്തകയുമാണ്. നൃത്തത്തിൽ പ്രാവീണ്യമുള്ള ഡോ. സിബിൽ ഫിലിപ്പ് സാംസ്കാരിക രംഗത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ്.ഡോ. ബിനു ഫിലിപ്പ്ഡോ. സിബിൽ ഫിലിപ്പ് ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മികച്ച ഗായികയായ മൂത്ത മകൾ ക്രിസ്റ്റീൻ ഫിലിപ്പ് ഡാലസ് സെന്റ് അഗസ്റ്റിൻ യൂണിവേഴ്സിറ്റിയിൽ ഡോക്ടർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാം ചെയ്യുന്നു.
രണ്ടാമത്തെ മകൻ സിറിൽ ഫിലിപ്പ് ഷിക്കാഗോ ഡി പോൾ യൂണിവേഴ്സിറ്റി ബാച്ചിലർ ഓഫ് ഫിനാൻസ് വിദ്യാർഥിയാണ്. ഇളയ മകൻ സ്റ്റെഫാൻ ഫിലിപ്പ് 12ാം ക്ലാസിൽ പഠിക്കുന്നു.