മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോയെ നയിക്കാൻ ഡോ. ബിനു ഫിലിപ്പ്
എ.എസ്. ശ്രീകുമാർ
Thursday, March 20, 2025 4:33 PM IST
ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ പ്രഥമ പ്രസിഡന്റായി ഡോ. ബിനു ഫിലിപ്പിനെ തെരഞ്ഞെടുത്തു.
ഷിക്കാഗോയിലെ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സഭാംഗങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് നോർത്ത് അമേരിക്കയാകെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഒസിഎസ് രൂപീകരിച്ചിരിക്കുന്നത്.
വിശ്വാസത്തിലടിയുറച്ച് ഷിക്കാഗോയുടെ മണ്ണിൽ ജീവിക്കുന്ന ഓർത്തഡോക്സ് സഭാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും അവരുടെ പൈതൃകവും സഭാപരമായ മൂല്യങ്ങളും ചോർന്നുപോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുന്നതിനും എംഒസിഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ബിനു ഫിലിപ്പ് പറഞ്ഞു.
മൂന്നാം തലമുറയിലെ കുട്ടികളെ വിശ്വാസധാരയിലൂടെ കൈപിടിച്ച് നടത്തുന്നതിനും ഏകാന്തതയനുഭവിക്കുന്ന വൃദ്ധ ദന്പതികൾക്ക് തണലാവാനും സംഘടന ലക്ഷ്യമിടുന്നുവെന്ന് ബിനു ഫിലിപ്പ് വ്യക്തമാക്കി.
ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ അംഗങ്ങളുടെ ഏതൊരാവശ്യത്തിനും എംഒസിഎസിന്റെ സഹായമുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എംഒസിഎസിന്റെ ഔപചാരികമായ ഉദ്ഘാടനവും ഫാമിലി നൈറ്റും മേയ് 10ന് വൈകുന്നേരം ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓക്ലോണിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, എൽമോയിസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ബെൽവുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ ചർച്ച്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നീ പള്ളികളിലുള്ള അറുന്നൂറോളം കുടുംബങ്ങളാണ് എംഒസിഎസിൽ അംഗങ്ങളാണ്.