അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു
Thursday, March 20, 2025 3:16 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു. വിദ്യാഭ്യാസ വകുപ്പിനെ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വകുപ്പ് ഒഴിവാക്കി വിദ്യാഭ്യാസ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനാണു നീക്കം.
അതേസമയം, പൗരന്മാർക്കുള്ള സേവനങ്ങൾ, പരിപാടികൾ, ആനുകൂല്യങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കണമെന്നു ട്രംപ് നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വകുപ്പിനെ "ഒരു വലിയ തട്ടിപ്പ്" എന്നാണ് ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രസിഡന്റായ ആദ്യ ടേമിൽതന്നെ വിദ്യാഭ്യാസ വകുപ്പ് പൂട്ടിക്കെട്ടാൻ അദ്ദേഹം നിർദേശിച്ചെങ്കിലും പിന്തുണ കിട്ടാത്തതിനാൽ നടന്നില്ല. ട്രംപിന്റെ കക്ഷിക്ക് നിലവിൽ സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്.
എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ ഇല്ലാതാക്കുന്ന ബിൽപോലുള്ള പ്രധാന നിയമനിർമാണങ്ങൾക്ക് 60 വോട്ടുകൾ വേണം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘം കേസ് ഫയൽ ചെയ്തിട്ടുണ്ട്.