മൈക്കിൾ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രി
Friday, January 24, 2025 11:51 AM IST
ഡബ്ലിൻ: ഫിയാന ഫെയിൽ നേതാവ് മൈക്കിൾ മാർട്ടിനെ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പാർലമെന്റിൽ 76നെതിരേ 95 വോട്ടുകൾക്കാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
രണ്ടാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രി പദവിയിലെത്തുന്നത്. പാർട്ടികൾ തമ്മിലുള്ള രൂക്ഷമായ തർക്കത്തെത്തുടർന്ന് പാർലമെന്റ് പലതവണ താത്കാലികമായി നിർത്തിവച്ചിരുന്നു.
1989ൽ കോർക്ക് സൗത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നുമാണ് മൈക്കിൾ മാർട്ടിൻ ആദ്യമായി പാർലമെന്റിലെത്തിയത്. ഇദ്ദേഹം പാർലമെന്റിലെ സീനിയർ അംഗങ്ങളിൽ ഒരാളാണ്.
അയർലൻഡിൽ കൂട്ടുമന്ത്രിസഭയാണ് ഭരണം നടത്തുക. ഫിനഗേൽ നേതാവ് സൈമൺ ഹാരിസ് 2027ൽ ചുമതലയേൽക്കുന്നതുവരെ മൈക്കിൾ മാർട്ടിൻ പ്രധാനമന്ത്രിയായി തുടരും.