അയർലൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ജെയ്സൺ കിഴക്കയിൽ
Thursday, January 23, 2025 4:43 PM IST
ഡബ്ലിൻ: അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യത്താകമാനം കൊടുങ്കാറ്റ് ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അയോവൻ കൊടുങ്കാറ്റ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായതാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൊടുങ്കാറ്റ് കര നാവിക വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കാനിടയുണ്ടെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിനു ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങാനുമിടയുണ്ട്.
രാജ്യത്താകമാനം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു. അത്യാവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവയ്ക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചിട്ടുണ്ട്.