അയർലൻഡിൽ എയോവിൻ കൊടുങ്കാറ്റ് നാശം വിതച്ചു
ജെയ്സൺ കിഴക്കയിൽ
Saturday, January 25, 2025 10:24 AM IST
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റ് ജനജീവിതം ദുസഹമാക്കി. മരങ്ങളും മറ്റും കടപുഴകിയതിനെത്തുടർന്നു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അറുപതു വർഷത്തിനിടെ ഉണ്ടായതിൽ വച്ചേറ്റവും ശക്തമായ കൊടുങ്കാറ്റാണ് വീശിയടിച്ചത്. ഗാൽവേയിൽ 183 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. രാജ്യത്തു ഒട്ടേറെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
കൊടുങ്കാറ്റ് മുൻ നിർത്തി ഗതാഗതതടസം പൂർണമായും നിർത്തിവയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനസങ്ങൾക്കു അവധി നൽകുകയും ചെയ്തിരുന്നു. രാജ്യത്തു മൊത്തം റെഡ് അലെർട് പ്രഖ്യാപിച്ചു വേണ്ട മുൻകരുതലുകൾ പാലിച്ചതിനാൽ ആളപായമുണ്ടായില്ല.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജ്യം സാധാരണ നിലയിലേക്കെത്തി. രാജ്യത്തു റോഡിലേക്ക് വീണമരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.