ഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി; പത്രം 10,000 കോടി നൽകാൻ വിധി
Friday, January 24, 2025 12:37 PM IST
ലണ്ടൻ: ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് 100 കോടിയിലേറെ പൗണ്ട് (ഏകദേശം 10,652 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു കോടതി.
1996 മുതൽ 2011 വരെയുള്ള സ്വകാര്യജീവിതം ചോർത്തിയെന്നാരോപിച്ചായിരുന്നു ലണ്ടൻ ഹൈക്കോടതിയിൽ ഹാരി രാജകുമാരൻ കേസ് നൽകിയത്. ആരോപണം സമ്മതിച്ച മാധ്യമസ്ഥാപനം ഹാരി രാജകുമാരനോട് മാപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
ഹാരി രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങളും ചോർത്തിയെടുത്തെന്നും ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് സമ്മതിച്ചു. ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങൾ ചോർത്താൻ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നതായും പത്രം സമ്മതിച്ചു. ഇതുസംബന്ധിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങൾ പത്രം നിഷേധിക്കുകയായിരുന്നു.