ജര്‍മനിയില്‍ കത്തിയാക്രമണം: രണ്ടുവയസുകാരനെ കൊലപെടുത്തിയത് 28 വയസുകാരനായ അഫ്ഗാന് അഭയാര്‍ഥി
ജോസ് കുമ്പിളുവേലില്‍
Friday, January 24, 2025 7:44 AM IST
ബെര്‍ലിന്‍: ബവേറിയയിലെ അഷാഫെന്‍ബുര്‍ഗിലെ ഷോന്റല് പാര്‍ക്കില്‍ കത്തിയാക്രമണത്തിലൂടെ രണ്ടു വയസുള്ള ആണ്‍കുട്ടിയെയും 41 വയസുകാരനെയും കൊലപ്പെടുത്തിയ 28 വയസുകാരന് അഫ്ഗാനി വളരെ മുമ്പേ തന്നെ ജര്‍മനി വിടേണ്ടവനായിരുന്നുവെന്ന് പോലീസും ബവേറിയന്‍ ഭരണകൂടവും വെളിപ്പെടുത്തുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വാര്‍ത്താസമ്മേളനത്തിലാണ് ബവേറിയയുടെ ആഭ്യന്തര മന്ത്രി ജോവാഹിം ഹെര്‍മന്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് കസ്റ്റഡിയിലായ പ്രതി ഇനാമുള്ളയെ മാനസിക രോഗിയെന്നു മുദ്രകുത്തി മാനസികാശുപത്രിയില്‍ ചികിത്സയിലാക്കി.
ഒരു കിന്റര്ഗാര്ട്ടന് ഗ്രൂപ്പിലെ കുട്ടികളെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിയാത്രക്കാരന് അതു തടയുകയും കുട്ടികളെ രക്ഷപെടുത്താനുള്ള തത്രപ്പാടിനിടയിലാണ് കത്തിക്കിരയായത്. മൊറോക്കന്‍ വംശജനായ രണ്ട് വയസുള്ള ആണ്‍കുട്ടിയും 41 വയസുകാരനായ ജര്‍മന്‍കാരനായ വഴിയാത്രക്കാരനുമാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.45നാണ് സംഭവം. പരിക്കേറ്റ നിരവധിയാളുകളില്‍ 72ഉം 59 ഉം വയസുള്ള രണ്ടു ജര്‍മന്‍കാരും രണ്ട് വയസുള്ള സിറിയന്‍ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ മൂന്ന് തവണ കുത്തേറ്റെങ്കിലും ഭാഗ്യത്തിന് ജീവന് അപകടത്തിലായില്ല.
2022 നവംബറില്‍ ഇയാള്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചു. പക്ഷേ അഭയം കിട്ടിയില്ല, ഡിസംബര്‍ നാലിന്, ഇയാള്‍ തന്നെ സ്വമേധയാ രാജ്യം വിടുന്നതായി പ്രഖ്യാപിച്ചു. അഭയാര്‍ഥി കാര്യാലയം ബാംഫ് ഒടുവില്‍ ഡിസംബര്‍ 11ന് അഭയ നടപടികള്‍ നിര്‍ത്തി, ഇയാളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു.
ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഓരോ കേസിലും ഇയാളെ മാനസിക ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഡിസംബര്‍ ഒന്‍പതിന് ഇയാളെ പരിചരിക്കാന്‍ ജില്ലാ കോടതി ഉത്തരവിടുകയും ഒരു പരിചാരകനെ നല്‍കുകയും ചെയ്തു.
അസൈലം ഹോമിലെ ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് ബവേറിയയുടെ ആഭ്യന്തര മന്ത്രി ഹെര്‍മന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.