മൂന്നാറിന്റെ ഹരിതാഭ ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി
Monday, January 13, 2025 10:49 AM IST
മൂന്നാർ: മൂന്നാറിന്റെ പ്രകൃതിഭംഗിയും മനോഹാരിതയും ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.
ഭാര്യ അനിക്കോ ലിവായി, രണ്ടു പെണ്മക്കൾ എന്നിവരാണ് ഒപ്പമുള്ളത്. സുരക്ഷയ്ക്കായി അഞ്ചംഗ ഉദ്യോഗസ്ഥരുമുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാനാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നിനാണ് പ്രധാനമന്ത്രിയും സംഘവും കേരളത്തിലെത്തിയത്. കൊച്ചി, ആലപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ, കുമരകം, തേക്കടി എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണു സംഘം മൂന്നാറിലെത്തിയത്.
മൂന്നാറിലെ തേയിലത്തോട്ടങ്ങളും തേയിലനിർമാണവും ആശ്ചര്യത്തോടെ കണ്ട അദ്ദേഹം മൂന്നാർ വളരെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണെന്ന് അഭിപ്രായപ്പെട്ടു. സന്ദർശനം നടത്തിയ ഇടങ്ങളിൽ അദ്ദേഹത്തിന് പരന്പരാഗതമായ രീതിയിൽ സ്വീകരണവും നൽകി.