ഇവിടെ സെന്‍സര്‍ഷിപ്പ് ഇല്ല: സക്കര്‍ബര്‍ഗിന് മറുപടിയുമായി യൂറോപ്യന്‍ കമ്മിഷൻ
ജോസ് കുമ്പിളുവേലിൽ
Monday, January 13, 2025 12:17 PM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടെന്ന മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിനെതിരേ യൂറോപ്യന്‍ കമ്മിഷൻ. നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നും പ്ലാറ്റ്ഫോമുകളുടെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും യൂറോപ്യന്‍ കമ്മിഷന് വ്യക്തമാക്കി.
സെന്‍സര്‍ഷിപ്പിന് നിയമസാധുത നല്‍കുന്നതിനും പുതുതായി എന്തെങ്കിലും ഉള്ളടക്കങ്ങൾ നിര്‍മിക്കുന്നത് പ്രയാസത്തിലാക്കുന്ന നിയമങ്ങളുടെ എണ്ണം യൂറോപ്പില്‍ വര്‍ധിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ വാദം.
എന്നാല്‍ നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ യൂറോപ്പിലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നില്ലെന്നും കുട്ടികള്‍ക്കും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കും ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമാണ് ആവശ്യപ്പെടാറുള്ളതെന്നും കമ്മിഷന് വ്യക്തമാക്കി.