അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍
ജോസ് കുമ്പിളുവേലിൽ
Wednesday, January 15, 2025 3:37 PM IST
പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് അന്ന് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് എഐ ആക്ഷന്‍ ഉച്ചകോടിയില്‍ ഫ്രാന്‍സിലേക്ക് മോദി എത്തുന്നത്.
അമേരിക്ക, ചൈന, ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സില്‍ വച്ച് അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ മക്രോണ്‍ കാട്ടിയ താത്പര്യത്തെ സ്വാഗതം ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എഐ ആക്ഷന്‍ ഉച്ചകോടിയുടെ മുന്‍ സമ്മേളനങ്ങള്‍ 2023 നവംബറില്‍ യുകെയിലും 2024 മേയിൽ ദക്ഷിണ കൊറിയയിലും വച്ച് നടന്നിരുന്നു.