ഡോ. വിജയശങ്കറിനെ അനുസ്മരിച്ച് നായർ ബനവലന്റ് അസോസിയേഷന്
ജയപ്രകാശ് നായർ
Friday, December 27, 2024 1:22 PM IST
ന്യൂയോർക്ക്: 1981ൽ നായർ ബനവലന്റ് അസോസിയേഷൻ രൂപീകരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിക്കുകയും ചെയ്ത മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകൻ ഡോ. വിജയശങ്കറിന്റെ നിര്യാണത്തിൽ അസോസിയേഷന്റെ ആസ്ഥാനത്ത് അനുശോചന യോഗം ചേര്ന്നു.
അധ്യക്ഷന് പ്രസിഡന്റ് ക്രിസ് തോപ്പിൽ പ്രസംഗിച്ചു. ട്രഷറർ രാധാമണി നായർ പ്രാർഥനാഗാനം ആലപിച്ചു. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ 25-ാം വാർഷികത്തിൽ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ പ്രസിഡന്റ് വിക്രമൻ പ്രസംഗിച്ചു. സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയിൽ ഡോ. വിജയശങ്കർ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.
ട്രസ്റ്റീ ബോർഡ് റെക്കോർഡിംഗ് സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ജി.കെ. നായർ, എൻബിഎയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രവർത്തനങ്ങളിൽ വിജയശങ്കർ പ്രകടിപ്പിച്ച താത്പര്യവും മറ്റും എടുത്തുപറഞ്ഞ് സംഘടനയുടെ വളർച്ചയിലുള്ള അദ്ദേഹത്തിന്റെ സന്തുഷ്ടിയുമൊക്കെ വിവരിച്ചു.
ഡോ. ചന്ദ്രമോഹൻ വിജയശങ്കറോടൊപ്പം എൻബിഎയിൽ പ്രവർത്തിച്ചതു കൂടാതെ ആതുരസേവന രംഗത്തും സഹപ്രവർത്തകരായിരുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് അനുശോചനം അറിയിച്ചു.
മുൻ പ്രസിഡന്റ് ജയപ്രകാശ് നായർ, വിജയശങ്കറിന്റെ ആത്മാർഥ സേവനം മാതൃകയാക്കി പ്രവർത്തിച്ചവരിൽ ഒരാളാണെന്നു പറഞ്ഞു. പണ്ടത്ത് രാമൻ കുട്ടി തന്റെ പ്രസംഗത്തിൽ, നേരിട്ട് വിജയശങ്കറോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കലാഭിരുചിയും മറ്റും തന്റെ കുട്ടികളുടെ നൃത്തവിദ്യാലയത്തിന് ഒരു മാർഗദർശനമായിരുന്നുവെന്നും അനുസ്മരിച്ചു.
മുൻ പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, മന്നത്തു പത്മനാഭനെ തന്റെ ചെറുപ്പത്തിൽ തങ്ങളുടെ വസതിയിൽ വച്ച് കണ്ടിട്ടുള്ള ഓർമകളും അതേ മികവോടെയുള്ള കൊച്ചുമകനായ വിജയശങ്കറിന്റെ പ്രവർത്തനമികവും അനുസ്മരിച്ചു. പ്രസിഡന്റ് ക്രിസ് തോപ്പിലും സംസാരിച്ചു. ജയപ്രകാശ് നായർ നന്ദി രേഖപ്പെടുത്തി.