മിസ് ഇന്ത്യ യുഎസ്എ കിരീടം കെയ്റ്റ്ലിന്
പി .പി. ചെറിയാൻ
Saturday, December 21, 2024 7:50 AM IST
വാഷിംഗ്ടൺ: ന്യൂജഴ്സിയിൽ നടന്ന വാർഷിക മത്സരത്തിൽ ഇന്ത്യൻ വംശജയായ കെയ്റ്റ്ലിൻ സാന്ദ്ര നീൽ മിസ് ഇന്ത്യ യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ ഡേവിസിലെ കലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ താമസിക്കുന്ന 19 വയസുകാരിയായ കെയ്റ്റ്ലിൻ വെബ് ഡിസൈനിംഗ്, മോഡലിംഗ്, അഭിനയം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള സംസ്കൃതി ശർമ മിസിസ് ഇന്ത്യ യുഎസ്എയും വാഷിംഗ്ടണിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യുഎസ്എയും തെരഞ്ഞെടുക്കപ്പെട്ടു.
റിജുൽ മൈനി (മിസ് ഇന്ത്യ യുഎസ്എ 2023), സ്നേഹ നമ്പ്യാർ (മിസിസ് ഇന്ത്യ യുഎസ്എ 2023) എന്നിവർ യഥാക്രമം കെയ്റ്റ്ലിൻ സാന്ദ്ര നീൽ, സംസ്കൃതി ശർമ എന്നിവരെ കിരീടമണിയിച്ചു. മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള നീരാളി ദേശിയയും ന്യൂജേഴ്സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി.
മിസിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ വെർജീനിയയിൽ നിന്നുള്ള സ്വപ്ന മിശ്രയും കനക്ടികട്ടിൽ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി. കൗമാര വിഭാഗത്തിൽ റോഡ് ഐലൻഡിലെ ധൃതി പട്ടേൽ, സൊനാലി ശർമ എന്നിവർ ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തിന്റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 47 മത്സരാർഥികൾ പങ്കെടുത്തു.