കൈയക്ഷരത്തിന്റെ ലോകത്തിൽ അഭിമാനമായി തിരുവനന്തപുരം സ്വദേശിനി
Monday, December 23, 2024 4:49 PM IST
തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തിൽ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി. പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം സ്ഥാനം നേടിയത്.
എഴുത്തിന്റെ മേഖലയിൽ ഇതിനോടകം തന്റെ മികവ് തെളിയിച്ച ഫേബ നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട്. 2023ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം, ഇംഗ്ലീഷ് ഉപന്യാസങ്ങളിൽ എ ഗ്രേഡ്, 2024ലെ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്, പി.സി. തോമസ് ഫൗണ്ടേഷൻ ഉപന്യാസരചനയിൽ ഒന്നാംസ്ഥാനം നേടി വിജയിച്ചു.
ലോക ഹാൻഡ് റൈറ്റിംഗ് മത്സരത്തിൽ വിജയിക്കുന്ന അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് ഫേബ എന്നത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. നാലാഞ്ചിറ ആനന്ദഭവനിൽ സജി ജോസഫിന്റെയും പട്ടം സെന്റ് മേരീസ് സ്കൂൾ അധ്യാപികയായ ജെസി ജോർജിന്റെയും മകളാണ് ഫേബ.