മനുഷ്യക്കടത്ത്: കാനഡയിൽ 262 കോളജുകൾക്ക് പങ്കുള്ളതായി ഇഡി
Friday, December 27, 2024 10:31 AM IST
ന്യൂഡൽഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കാനഡയിൽ 262 കോളജുകൾ പ്രവർത്തിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി). ഇന്ത്യയടക്കമുള്ള വിവിധരാജ്യങ്ങളിൽ നിന്ന് ആളുകളെ സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിച്ച് അമേരിക്കൻ അതിർത്തി കടത്തുന്നതായി ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മനുഷ്യക്കടത്തിനു ലക്ഷങ്ങളാണ് കോളജുകൾ ഏജന്റുമാർക്ക് നൽകുന്നത്. ഇത്തരത്തിൽ അനിധികൃതമായി കുടിയേറ്റം നടത്തുന്നവരുടെ കൈയിൽ നിന്ന് എത്ര രൂപയാണ് കോളജുകൾ ഈടാക്കുന്നത് എന്നതു സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്നും ഇഡി വ്യക്തമാക്കി.
മൂന്നുവർഷംമുന്പ് ഗുജറാത്തിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് വയസുകാരനുൾപ്പെടെ നാലുപേരെ യുഎസ് കാനഡ അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 37 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ കുടുംബത്തെ മനുഷ്യക്കടത്തുകാർ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതേ തുടർന്ന് ഇഡി അന്വേഷണം നടത്തുകയായിരുന്നു.
ഏജന്റുമാർ വഴി കാനഡയിലെ കോളജുകളിലോ സർവകലാശാലകളിലോ പ്രവേശനം ക്രമീകരിച്ചശേഷം സ്റ്റുഡന്റ് വീസയിൽ കാനഡയിൽ എത്തിച്ച് കോളജിൽ ചേരുന്നതിനുപകരം അമേരിക്കൻഅതിർത്തി കടത്തുകയാണ് പതിവ്.
മുംബൈയിലും നാഗ്പൂരിലുമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന 35,000 ആളുകളെ അനധികൃതമായി അതിർത്തി കടത്തിയിട്ടുണ്ടെന്നു ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കമ്മീഷൻ അടിസ്ഥാനത്തിൽ വിദ്യാർഥികളെ കോളജുകളിൽ പ്രവേശിപ്പിക്കാൻ കരാർ ഒപ്പിട്ടതായും ഇഡി കണ്ടെത്തി.
ഗുജറാത്തിൽ തന്നെ 1700 ഉം ഇന്ത്യയിലുടനീളം 3500 ഉം ഏജന്റുമാർ ഈ റാക്കറ്റിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സർക്കാർഏജൻസികൾ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇവരിൽ എണ്ണൂറോളംപേർ ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപയും ചില രേഖകളും ലഭിച്ചതായും അന്വേഷണ ഏജൻസി വ്യക്തമാക്കി.