അപകടദൃശ്യം ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി
പി.പി. ചെറിയാൻ
Saturday, December 21, 2024 7:38 AM IST
ഫോർട്ട് വർത്ത്: അപകടദൃശ്യം വിഡിയോയിൽ പകർത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനിടെ അമിതബലം പ്രയോഗിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പുറത്താക്കി. ജൂൺ 23ന് മാത്യു ക്രൂഗർ എന്ന ഉദ്യോഗസ്ഥന്റെ ബലപ്രയോഗം ന്യായീകരിക്കാനാകില്ലെന്ന് ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തി.
ഡിപ്പാർട്ട്മെന്റിന്റെ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ക്രൂഗറിനെ ബുധനാഴ്ച പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ജൂൺ 23ന് ഉച്ചയ്ക്ക് 3.30ന് മുൻപ്, ഫോച്ച് സ്ട്രീറ്റിന്റെ 1000 ബ്ലോക്കിൽ വാഹനം അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ അപകടസ്ഥലത്ത് രക്ഷപ്പെട്ടിരുന്നു. ഇവിടെ കരോലിൻ റോഡ്രിഗസ് എന്ന സ്ത്രീ തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അപകടസ്ഥലം ചിത്രീകരിക്കുകയായിരുന്നു.
റോഡ്രിഗസിനോട് തെരുവിന്റെ മറുവശത്തേക്ക് മാറാൻ ക്രൂഗർ പലതവണ ആവശ്യപ്പെട്ടു. കരോലിൻ റോഡ്രിഗസ് അനുസരിക്കാതിരുന്നപ്പോൾ, ക്രൂഗർ അവരെ അറസ്റ്റ് ചെയുകയായിരുന്നു.അറസ്റ്റിനിടെ ക്രൂഗർ അമിതബലപ്രയോഗം നടത്തിയതോടെ റോഡ്രിഗസിന് പരിക്കേറ്റു. ഇതേതുടർന്ന് റോഡ്രിഗസിന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഈ സംഭവത്തെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്.
മൂന്ന് ദിവസങ്ങൾക്ക് ശേഷം, റോഡ്രിഗസ് സംഭവത്തെക്കുറിച്ച് സിബിഎസ് ന്യൂസ് ടെക്സസിനോട് വിവരിച്ചു. ക്രൂഗർ ഏകദേശം എട്ട് വർഷമായി ഫോർട്ട് വർത്ത് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതായും സംഭവസമയത്ത് പട്രോളിങ് ബ്യൂറോയിലാണ് ഡ്യൂട്ടി ചെയ്തതെന്നും അധികൃതർ ബുധനാഴ്ച അറിയിച്ചു.
അന്വേഷണത്തിന്റെ ഫലം ലഭിക്കുന്നതുവരെ ക്രൂഗറിനെ പൊതുജനങ്ങളുമായി ഇടപഴകേണ്ടതില്ലാത്ത യൂണിറ്റിലേക്ക് മാറ്റിയിരുന്നു.അതേസമയം, ഫോർട്ട് വർത്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലോയ്ഡ് കുക്ക്, ക്രൂഗറിനെ പുറത്താക്കിയതിൽ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു.
ക്രൂഗർ ഉപയോഗിച്ച സാങ്കേതികത എഫ്ഡബ്ല്യുപിഡി അക്കാദമി പരിശീലനത്തിൽ പഠിപ്പിക്കുന്നതാണ്. ക്രൂഗറിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ പോലീസ് മേധാവി നീൽ നോക്സ്, യൂസ് ഓഫ് ഫോഴ്സ് റിവ്യൂ ബോർഡിന്റെ റിപ്പോർട്ട് അവഗണിച്ചതായി കുക്ക് കുറ്റപ്പെടുത്തി.