37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
Tuesday, December 24, 2024 10:34 AM IST
വാഷിംഗ്ടൺ ഡിസി: രാജ്യത്ത് വധശിക്ഷ കാത്തുകഴിയുന്ന 40ൽ 37 പേർക്കും പ്രസിഡന്റ് ജോ ബൈഡൻ ശിക്ഷായിളവ് പ്രഖ്യാപിച്ചു. ഇവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പരോൾ അനുവദിക്കില്ല. സ്ഥാനമൊഴിയാൻ ദിവസങ്ങൾ ശേഷിക്കേയാണ് ബൈഡന്റെ നടപടി.
2013ൽ മൂന്നു പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ബോസ്റ്റൺ മാരത്തൺ ഇസ്ലാമിക ഭീകരാക്രമണക്കേസ് പ്രതി ജൊഖാർ സർനേവ്, 2015ൽ സൗത്ത് കരോളൈനയിൽ ഒന്പത് ആഫ്രിക്കൻ വംശജരെ വെടിവച്ചുകൊന്ന ധിലൻ റൂഫ്, 2018ൽ 11 പേർ കൊല്ലപ്പെട്ട പിറ്റ്സ്ബർഗ് സിനഗോഗ് ആക്രമണക്കേസ് പ്രതി റോബർട്ട് ബൗവേഴ്സ് എന്നിവർക്കാണു ശിക്ഷായിളവ് ലഭിക്കാതിരുന്നത്.
ഇളവ് നല്കിയ തടവുകാരോടു സഹതാപമില്ലെന്ന് ബൈഡൻ വ്യക്തമാക്കി. ദീർഘകാലം പൊതുജനസേവകനായി പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ വധശിക്ഷ നിർത്തലാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും ഇനി അധികാരത്തിലേറാൻ പോകുന്ന സർക്കാർ വധശിക്ഷകൾ നടപ്പാക്കുന്നത് കണ്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡന്റെ ഭരണത്തിൽ 2021 മുതൽ വധശിക്ഷകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജനുവരി 20ന് അധികാരത്തിലേറുന്ന പ്രസിഡന്റ് ട്രംപ് വധശിക്ഷയെ പിന്തുണയ്ക്കുന്നയാളാണ്. അദ്ദേഹം ആദ്യം ഭരിച്ച കാലത്ത് 13 പേരുടെ വധശിക്ഷ നടപ്പാക്കപ്പെട്ടിരുന്നു.