ബലാത്സംഗം, കൊലപാതകം: പ്രതികൾക്കു വധശിക്ഷ നൽകുമെന്നു ട്രംപ്
Thursday, December 26, 2024 3:08 PM IST
വാഷിംഗ്ടൺ ഡിസി: ജനുവരി 20ന് അധികാരത്തിലേറുമ്പോൾ അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ എന്നിവരിൽനിന്നു സംരക്ഷിക്കുന്നതിനായി വധശിക്ഷ നടപ്പാക്കാൻ താൻ നീതിന്യായ വകുപ്പിനു നിർദേശം നൽകുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 ഫെഡറൽ തടവുകാരിൽ 37 പേരുടെ ശിക്ഷ ഇളവു ചെയ്തുവെന്നും അവരെ പരോളില്ലാതെ ജീവപര്യന്തം തടവിലാക്കിയെന്നും പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിനു മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന. ബൈഡന്റെ നടപടി ബുദ്ധിശൂന്യമാണെന്നും ഇരകളുടെ കുടുംബങ്ങളെ അപമാനി ക്കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏകദേശം 20 വർഷത്തെ ഇടവേളയ്ക്കുശേഷം 2017 മുതൽ 2021 വരെയുള്ള തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഫെഡറൽ വധശിക്ഷ പുനരാരംഭിച്ചിരുന്നു. എന്നാൽ വധശിക്ഷയെ എതിർത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോ ബൈഡൻ, 2021 ജനുവരിയിൽ അധികാരമേറ്റപ്പോൾ ഫെഡറൽ വധശിക്ഷകൾ നിർത്തിവച്ചിരുന്നു.