കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം; സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പി.പി. ചെറിയാൻ
Saturday, December 21, 2024 7:43 AM IST
കാലിഫോർണിയ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ കലിഫോർണിയയിലെ ഡയറി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
അതേസമയം പൊതുജനങ്ങൾക്ക് രോഗം വരാനുള്ള അപകടസാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി. രോഗ വ്യാപനം തടയാനുള്ള നടപടികൾ സജീവമാണ്. കലിഫോർണിയയിൽ വാണിജ്യ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന 34 പേർക്കാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 33 പേരും ഡയറി ഫാമുകളുമായി ബന്ധപ്പെട്ടുള്ളവരാണ്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഗവർണർ ഗാവിൻ ന്യൂസോം പ്രസ്താവനയിൽ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷിപ്പനി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടാൻ പ്രാദേശിക അധികാരികൾ അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ള തൊഴിലാളികൾക്ക് മുൻകരുതലുകളുടെ ഭാഗമായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
സീസനൽ ഫ്ളൂ വാക്സീനും നൽകുന്നുണ്ട്. ജനങ്ങൾക്കിടയിലെ വ്യാപനം തടയാൻ കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഈ വർഷം മാർച്ചിലാണ് ടെക്സാസ്, കൻസാസ് എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ യുഎസിലെ 16 സ്റ്റേറ്റുകളിലായി 61 ആളുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറി, പൗൾട്രി ഫാമുകളിൽ നിന്നാണ് കൂടുതൽ കേസുകളും.