കെഎച്ച്എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി
ജോയിച്ചൻ പുതുക്കുളം
Saturday, December 21, 2024 6:19 AM IST
ന്യുജേഴ്സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്സിയുടെ (കെഎച്ച്എൻജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി.
ഡിസംബർ 15ന് 300ലധികം പേർ പങ്കെടുക്കുകയും 700ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി . ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ എത്തി എന്നതും ആഘോഷത്തിന്റെ ജനപ്രിയത വ്യക്തമാക്കി.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകൾ പരമശിവനെയും പാർവതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തപ്പോൾ കാണികൾക്ക് അത് അഭൗമമായ അനുഭവമായി.
കൾച്ചറൽ സെക്രട്ടറി ലിഷ ഐശ്വര്യ അതിഥികളെ ക്ഷണിക്കുകയും എംസി ആയ കെഎച്ച്എൻജെ ജനറൽ സെക്രട്ടറി രൂപാ ശ്രീധറിനെ പരിചയപ്പെടുത്തുകയും ചെയ്തു.
കെ.എച്ച്.എൻ.ജെ സ്പിരിച്വൽ കോഓർഡിനേറ്റർ ഡോ. പ്രസാദ് അകവൂർ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് കെ.എച്ച്.എൻ.ജെ വനിതാ നേതാക്കൾ ചേർന്ന് ദീപം തെളിച്ചു.
പരിപാടിയുടെ ആദ്യ സെഷൻ കുട്ടികളുടെയും കൗമാരക്കാരുടെയും തിരുവാതിര ആയിരുന്നു. തുടർന്ന് മുതിർന്നവരുടെ എല്ലാ ടീമുകളും ഒന്നൊന്നായി മാറ്റുരച്ചു.
പങ്കെടുത്ത കുട്ടികൾക്കും കൗമാരക്കാർക്കുമായി പാവാട സെറ്റുകളും എല്ലാ മുതിർന്നവർക്കും മനോഹരമായ കേരള സാരികളും അഭിനന്ദന സൂചകമായി സമ്മാനിച്ചു. പരിപാടിയുടെ അവസാനം വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു.
ഒട്ടേറെ പേരുടെ ആത്മാർത്ഥമായ സഹകരണവും കഠിനാധ്വാനവുമാണ് ഈ മെഗാ പരിപാടി ഇത്ര വിജയകരമാക്കിയത്. ട്രസ്റ്റി അംഗവും തിരുവാതിര കോഓർഡിനേറ്ററുമായ റുബീന സുധർമൻ, ട്രസ്റ്റിമാരായ മധു ചെറിയേടത്ത്, ജിതേഷ് നമ്പ്യാർ, രവികുമാർ, സിന്ധു സുരേഷ്, വനിതാ ചെയർ മാലിനി നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആശ അജയ്, സുജ വിമൽ, ദിലീപ് നായർ, വിനോദ് നമ്പ്യാർ, ഹരീഷ് കാലടി, സിജി ആനന്ദ്, ട്രഷറർ രഞ്ജിത്ത് പിള്ള, പ്രസിഡൻ്റ് ലത നായർ, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ അജിത് ഹരിഹരൻ എന്നിവരുടെ അർപ്പണബോധവും പരിശ്രമവും ഇല്ലായിരുന്നെങ്കിൽ ഈ മെഗാ ഇവൻ്റ് സാധ്യമാകുമായിരുന്നില്ല.
സംഘടനയുടെ എല്ലാ സംരംഭങ്ങളിലും ഉറച്ച പിന്തുണ നൽകുന്ന സമൂഹത്തോട് കെഎച്ച്എൻജെ നന്ദി പറയുന്നു.
2024ലെ അവസാന ഇവൻ്റ് ആയ ജനറൽ ബോഡി മീറ്റിംഗും ലൈഫ് മെമ്പേഴ്സ് ഫാമിലി നൈറ്റും ഈ ശനിയാഴ്ച, (ഡിസംബർ 21) നടക്കും വില്ലാസ് അറ്റ് ഫെയർവേ ക്ലബ്ബ് ഹൗസ് 95 ആൻഡ്രൂസ് വേ, പിസ്കാറ്റവേ, ന്യുജേഴ്സി .