‘സറാക്സ 2025’ വിദ്യാഭ്യാസ ഉച്ചകോടി ഫ്ളാഗ്ഓഫ് ചെയ്തു
1507881
Friday, January 24, 2025 2:01 AM IST
പാലക്കാട്: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പ്രവണതകൾ പരിചയപ്പെടാനും പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ സമഗ്ര പരിശീലനത്തിനുമായി നടത്തുന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ സറാക്സയുടെ ഫ്ളാഗ്ഓഫ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്ന വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പാലക്കാട് വെള്ളപ്പാറയിലെ സാൻജോ എഡ്യൂക്കേഷൻ കോംപ്ലക്സിലാണ് സറാക്സ 2025 നടത്തുന്നത്. ഫെബ്രുവരി 21, 22 ദിവസങ്ങളിലാണ് വിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നത്.
രാജ്യത്തെ പ്രമുഖരായ വിദ്യാഭ്യാസ പ്രവർത്തകർക്കു പുറമേ വിദേശ വിദ്യാഭ്യാസ പ്രവർത്തകരും ഉച്ചകോടിയിൽ പങ്കെടുക്കും. എഡ്യൂക്കേഷൻ എക്സ്പോ, വിവിധ വിഷയങ്ങളിലുള്ള പേപ്പർ പ്രസന്റേഷൻ, വിദ്യാഭ്യാസ കോണ്‍ക്ലേവ്, കുട്ടികളുടെ മികവ് തെളിയിക്കുന്ന എഡ്യൂകാർണിവൽ, ബുക്ക് ഫെയർ, അറിവ്, ആരോഗ്യം, ആഹാരം എന്ന ആശയത്തിലൂന്നിയ ഫുഡ് ഫെസ്റ്റ് എന്നിവ വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. കഴിഞ്ഞ ആറുമാസം വിദ്യാർഥികൾ ക്ലാസ്മുറികളിലും പാഠപുസ്തകത്തിലും പരിശീലിച്ചവയാണ് രണ്ടുദിവസത്തെ കാർണിവലിൽ അവതരിപ്പിക്കുക. പൊതുജനങ്ങൾക്കു വേണ്ടി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ വീക്ഷണത്തിന് സറാക്സപോലുള്ള പരിശ്രമങ്ങൾ കൂടുതൽ ഉണർവും ദിശാബോധവും നല്‍കുമെന്ന് സറാക്സാ തീം സോംഗ് റിലീസ് ചെയ്ത് രൂപത വികാരിജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ പറഞ്ഞു. സാൻജോ ഗ്രൂപ്പ് മാനേജർ ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ, സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റവ.ഡോ. സനിൽ ജോസ്, അസിസ്റ്റന്റ് ഡയറക്ടർ തോമസ് കുര്യൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സറാക്സയുടെ ഫ്ളാഗ്ഓഫിൽ പങ്കെടുത്തു.