വിപണികൾക്ക് ഉണർവേകി മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വരവ് തുടങ്ങി
1508163
Saturday, January 25, 2025 12:31 AM IST
വടക്കഞ്ചേരി: മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വരവ് തുടങ്ങി. ഇനി മൂന്നുമാസക്കാലം മലയോര കർഷകരുടെ അധ്വാനഫലമെല്ലാം വടക്കഞ്ചേരി ഉൾപ്പെടെയുള്ള മലഞ്ചരക്കു കടകളിൽ എത്തും. ഇക്കുറി മലഞ്ചരക്ക് ഉത്പന്നങ്ങൾക്കെല്ലാം ഭേദപ്പെട്ട വിലയുമുണ്ട്. കുരുമുളകിന് കിലോയ്ക്ക് 620 രൂപയാണ് ഇപ്പോഴത്തെ വില.
640 രൂപ വരെ എത്തിയ മുളക് വില സീസണിലേക്ക് കടന്നതോടെയാണ് വിലയിൽ ചെറിയ കുറവ് വന്നിട്ടുള്ളതെന്ന് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ ഷൈബു കുര്യാക്കോസ് പറഞ്ഞു. ഗുണവും തൂക്കവും കൂടുതലുള്ള മലയോരത്തെ കുരുമുളകിന് കിലോക്ക് 20 രൂപവരെ കൂടുതലും കിട്ടും. കഴിഞ്ഞവർഷം ഈ സമയത്ത് കിലോയ്ക്ക് 570 രൂപയായിരുന്നു മുളക് വില. ഉണക്ക മഞ്ഞളിനുമുണ്ട് 200 രൂപ. കൊട്ടടയ്ക്ക പുതിയതിന് 300 രൂപയും പഴയ കൊട്ടടക്കയ്ക്ക് 360 രൂപയുമാണ് വില. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 1250 രൂപ വരെ എത്തിയ കൊക്കോയുടെ വില താഴ്ന്നിട്ടുണ്ടെങ്കിലും മോശമല്ലാത്ത വില നിലവിലുണ്ട്. കിലോക്ക് 750 രൂപയാണ് ഇപ്പോഴത്തെ വില. 75 രൂപയുണ്ട് വാട്ട് കപ്പക്ക്.
തോട്ടപ്പയറിന് തുടക്കത്തിൽ തന്നെ കിലോക്ക് ആയിരം രൂപയുണ്ട്. കഴിഞ്ഞവർഷം 1250 രൂപ വരെ എത്തിയിരുന്നു. ഈ വർഷവും തോട്ടപ്പയർ വില കഴിഞ്ഞ വർഷത്തെ നിരക്കിലെത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മലഞ്ചരക്ക് വിപണി ഉണർന്നതോടെ കർഷകരുടെ പക്കൽ പണമായി ഇനി മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കൂടും.