പൂഞ്ചോലയിൽ സൗരോർജ തൂക്കുവേലി ഉടൻ പൂർത്തിയാകും
1508160
Saturday, January 25, 2025 12:31 AM IST
കാഞ്ഞിരപ്പുഴ: പഞ്ചായത്ത് പരിധിയിലെ പൂഞ്ചോല മുതൽ ഇഞ്ചിക്കുന്ന് വരെയുള്ള ഒമ്പത് കിലോമീറ്റർ സൗരോർജ തൂക്കുവേലിയുടെയും പാമ്പൻതോട് ഭാഗത്തെ വേലിയുടെയും നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു വരുകയാണെന്നും നിർമാണം പൂർത്തിയാവുന്നതേടെ ഈ മേഖലയിൽ വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാനാവുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ജനജാഗ്രതാ സമിതി യോഗത്തിലാണ് വനം വകുപ്പ് ഇക്കാര്യം പറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അധ്യക്ഷയായി. യപഞ്ചായത്ത് പരിധിയിലെ മനുഷ്യ വന്യ ജീവി സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. വനാതിർത്തിയിലെ പരിചരണമില്ലാതെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ പറമ്പുകളിലെ അടികാടുകൾ വെട്ടി വൃത്തിയാക്കുന്നതിലൂടെയും വന്യ ജീവികൾ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാനാവുമെന്ന് യോഗം വിലയിരുത്തി.
സൗരോർജ വേലികളുടെ നിർമാണം പൂർത്തിയാവുന്നതോടെ അതിന്റെ തുടർപരിചരണത്തിനായി മറ്റ് പഞ്ചായത്തുകളുടെ മാതൃക സ്വീകരിച്ച് കാഞ്ഞിരപുഴ പഞ്ചായത്തും പ്രത്യേകം ഫണ്ട് വകയിരുത്തി പരിചരണ വാച്ചർമാരെ നിയോഗിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. വന്യ ജീവികൾ തമ്പടിക്കാൻ സാധ്യതയേറിയ സ്വകാര്യപറമ്പുകളിലെ അടികാടുകൾ വൃത്തിയാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ സ്ഥിരമായി നാട്ടിലിറങ്ങുന്ന ഇരുമ്പകച്ചോല, നറുക്കുംചോല, പൂഞ്ചോല, കൂനൽ ഭാഗങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന പഞ്ചായത്തിന്റെ നടപടികളിൽ വനംവകുപ്പിന്റെ സഹകരണം ഉറപ്പാക്കുമെന്നും ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ പറഞ്ഞു.