വയനാട്ടിലെ കടുവ ആക്രമണം: ജില്ലയിൽ പ്രതിഷേധം ശക്തം
1508170
Saturday, January 25, 2025 12:31 AM IST
പാലക്കാട്: വയനാട്ടിലെ കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ മേഖലകളിൽ കിഫ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. അടിപ്പെരണ്ട, ചൂലന്നൂർ, പാലക്കുഴി, മലന്പുഴ, കാഞ്ഞിരം, പാലക്കയം, കോട്ടോപ്പാടം, മേഖലകളിൽ കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. വയനാട് കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുന്പേ അറിഞ്ഞിട്ടും ജനവാസമേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. കാട്ടിലെ വന്യമൃഗങ്ങൾക്ക് നാട്ടിലെ മനുഷ്യരെ തീറ്റക്ക് കൊടുക്കുന്ന കാട്ടാളത്തമാണ് വനംവകുപ്പ് നടത്തുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മലയോര മേഖലയിൽ കിഫ അരാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്ന വനം മന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കിഫ പ്രതിനിധികൾ പ്രതികരിച്ചത്. വനം മന്ത്രി സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ചട്ടം പഠിപ്പിക്കാൻ ഇറങ്ങുന്പോൾ വന്യമൃഗങ്ങൾ ജീവനോടെ മനുഷ്യനെ തിന്നുന്ന ക്രൂരത കേരളം കാണേണ്ടി വരുന്നു എന്ന് കിഫ പ്രവർത്തകർ വിമർശിച്ചു. തന്റെ വകുപ്പിന്റെ ഉത്തരവാദിത്വം പോലും അറിയാത്ത വനംമന്ത്രി രാജിവക്കണം, അല്ലെങ്കിൽ മന്ത്രിയോട് രാജിവക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടണം എന്ന് കിഫ ആവശ്യപ്പെട്ടു.
പണ്ട് വല്ലപ്പോഴും ഉണ്ടായിരുന്ന വന്യജീവി ആക്രമണം ഇന്ന് നിത്യസഭവം ആണെന്നും, ചാലക്കുടിയിൽ ആനയുടെ മസ്തകത്തിലെ പരിക്ക് പരിശോധിക്കുന്ന വനം വകുപ്പ് കർഷകരുടെയും മലയോരത്തെ മനുഷ്യരുടെയും ജീവൻ വെച്ച് പന്താടുകയാണ് എന്നും കിഫ ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രതിഷേധ പ്രകടന്നത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
വടക്കഞ്ചേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന സമിതി പ്രതിഷേധ യോഗം നടത്തി. കടുവയെ വെടിവച്ച് കൊല്ലണമെന്നും കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. വിൽസൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. അഡ്വ.റെജി പെരുമ്പിള്ളിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറക്കൽ, രൂപത വൈസ് പ്രസിഡന്റ് ജോസ് വി.ജോർജ് വടക്കേക്കര എന്നിവർ പ്രസംഗിച്ചു.
നെന്മാറ: പഞ്ചാരകൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കത്തോലിക്കാ കോൺഗ്രസ് നെന്മാറ യൂണിറ്റ് പ്രതിഷേധിച്ചു. കത്തോലിക്ക കോൺഗ്രസ് നെന്മാറ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. യോഗം കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ് കുറ്റിക്കാടൻ അധ്യക്ഷനായി. ഫൊറോന പ്രസിഡന്റ് ദീപു മാത്യു, സെക്രട്ടറി സുജി ഇടയിലത്തുണ്ടിയിൽ, ജോൺസൺ ചെറുപറമ്പിൽ, ജോസ് വള്ളിയിൽ, ജേക്കബ് ഒളശയിൽ, ജസിൽ ജോസഫ്, ഷൈജു അറക്കൽ, സി.ജെ. ജിസ്മോൻ, ജിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ണാർക്കാട്: കിഫയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ ജാഥയിലും കാഞ്ഞിരത്ത് നടന്ന പ്രതിഷേധ യോഗത്തിലും നൂറ് കണക്കിന് കർഷകർ പങ്കെടുത്തു.
പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ, വിൻസെന്റ് ഇലവുങ്കൽ, കെ.എം. മാത്യു, ജിമ്മിച്ചൻ വട്ടവനാൽ, രഞ്ജിത് ജോസ് എന്നിവർ പ്രസംഗിച്ചു.