"മീനാക്ഷിപുരം -കോയമ്പത്തൂർ റൂട്ടിലെ തമിഴ്നാട് ബസ് പുനഃസ്ഥാപിക്കണം'
1508733
Sunday, January 26, 2025 8:49 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി- പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽനിന്നും കോയമ്പത്തൂരിലേക്കുള്ള ഏക തമിഴ്നാട് സർക്കാർ ബസ് സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം.
കോവിഡ്കാലത്തു നിർത്തലാക്കിയ സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചിട്ടുണ്ട് . തമിഴ്നാട് ചേരൻ കോർപറേഷന്റെ സിടിസി ബസാണ് ദീർഘകാലമായി സർവീസ് മുടക്കിയിരിക്കുന്നത്. നെല്ലിമേട്, കന്നിമാരി, പ്ലാച്ചിമട, പാട്ടികുളം, നന്ദിയോട്, ഏന്തൽപ്പാലം, മൂപ്പൻകുളം, അത്തിമണി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും നിരവധി യാത്രക്കാർ കോയമ്പത്തൂരിലേക്ക് പോയിവരാറുണ്ട്.
നിലവിൽ തത്തമംഗലത്തെത്തി അവിടെനിന്നും ബസ് മാറികയറിയാണ് കോയമ്പത്തൂരിലേക്കു പലരുടെയും യാത്ര. മുന്പ് ധനലക്ഷ്മി എന്ന പേരിലുള്ള സ്വകാര്യ ബസാണ് മീനാക്ഷിപുരം - കോയമ്പത്തൂർ സർവീസ് നടത്തിയിരുന്നത്. ഏതാണ്ട് 40 വർഷം മുന്പ് ഈ സർവീസ് തമിഴ്നാട് ഗതാഗത വകുപ്പ് ഏറ്റെടുത്താണ് ചേരൻസർവീസ് നടത്തിയിരുന്നത്.
ഈ ബസ് ജീവനക്കാർ സ്വകാര്യ ബസുടമകളുമായി ധാരണയുണ്ടാക്കി അകാരണമായി ട്രിപ്പു മുടക്കുയും പിന്നീട് ഓട്ടം പൂർണമായും നിർത്തിവയ്ക്കുകയാണുണ്ടായത്.
യാത്രികർക്കു മാത്രമല്ല, പുളിയും മറ്റു പച്ചക്കറികളുമെല്ലാം ഉത്പാദിപ്പിച്ച് ഇവിടത്തെ കർഷകർ കോയന്പത്തൂർ മാർക്കറ്റിലെത്തിച്ചിരുന്നതും ഈ വണ്ടിയിലാണ്. ചേരൻസർവീസ് മുടങ്ങിയതോടെ മീനാക്ഷിപുരം മേഖലയിലെ കർഷകരും ഏറെ വലയുകയാണ്. കോയമ്പത്തൂരിലേക്ക് തത്തമംഗലത്തെത്തി ബസ് കയറുന്നവർക്ക് ഇരിപ്പിട സൗകര്യം ലഭിക്കാത്തതും പ്രശ്നമാണ്.
കയറിയിറങ്ങി പോവേണ്ടിവരുന്നതിനാൽ യാത്രാനിരക്കും കൂടും. തമിഴ്നാടൻ സർക്കാർ സർവീസ് ഇനിയും തുടങ്ങിയില്ലെങ്കിൽ സർവീസ് കെഎസ്ആർടിസി ഏറ്റെടുത്തു സർവീസ് പുനരാരംഭിക്കണമെന്നാണ് പ്രദേശത്തെ യാത്രികരുടെ ആവശ്യം.