ഒറ്റപ്പാലം അർബൻ ബാങ്കിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം
1508729
Sunday, January 26, 2025 8:49 AM IST
ഒറ്റപ്പാലം: അർബൻ ബാങ്കിൽ ഐടി അധിഷ്ഠിത പുതിയ ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഷൊർണ്ണൂർ എംഎൽഎ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. കൃത്യമായി വായ്പ അടച്ചവർക്കുള്ള ഇൻസെന്റീവ് വിതരണോദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വ.കെ. പ്രേംകുമാർ നിർവഹിച്ചു.
യുപിഐ ആർടിജിഎസ്, നെഫ്റ്റ് എന്നിവയുടെ ഉദ്ഘാടനം മുൻ എംപി എസ്. അജയകുമാർ നിർവഹിച്ചു. സൂര്യശക്തി വായ്പ പദ്ധതിയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം.ആർ.മുരളി നിർവഹിച്ചു.
മൊബെൽ ബാങ്കിംഗ്, ഐഎംപിഎസ്എന്നിവയുടെ ഉദ്ഘാടനം ഒറ്റപ്പാലം മുൻസിപ്പൽ ചെയർപേഴ്സൺ കെ. ജാനകി ദേവി നിർവഹിച്ചു. മംഗല്യനിധിയുടെ ഉദ്ഘാടനം മുൻ ഷൊർണൂർ നഗരസഭാ ചെയർമാൻ എസ്. കൃഷ്ണദാസ് നിർവഹിച്ചു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജേന്ദ്ര പ്രസാദ്, ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്, മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, ഒറ്റപ്പാലം അർബൻ ബാങ്ക് മുൻ പ്രസിഡന്റുമാരായ ഐ.എം. സതീശൻ, പ്രഫ.എ. ശിവരാമൻ എന്നിവർ ആശംസകളറിയിച്ചു. ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ അഡ്വ.കെ.സുജിത് കുമാർ, ബാങ്ക് ഡയറക്ടർമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഗീതസന്ധ്യ അരങ്ങേറി.