റിപ്പബ്ലിക് ദിനം: മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിവാദ്യം സ്വീകരിക്കും
1508169
Saturday, January 25, 2025 12:31 AM IST
പാലക്കാട്: റിപ്പബ്ലിക് ദിനമായ 26 ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ രാവിലെ ഒന്‍പതിന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും. കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതിന് ശേഷമാണ് പരിപാടികൾക്ക് തുടക്കമാവുക.
പതാക ഉയർത്തിയ ശേഷം മന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. സായുധ പോലീസ്, കേരള ആംഡ് പോലീസ്, പ്രാദേശിക പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, ഫയർ ആൻഡ് റെസ്ക്യൂ, വാളയാർ ഫോറസ്റ്റ് സ്കൂൾ ട്രെയിനീസ്, വാളയാർ ഫോറസ്റ്റ് സ്കൂൾ വനിതാ കേഡറ്റുകൾ, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ്പിസി, എയർഫോഴ്സ് അസോസിയേഷൻ ജൂണിയർ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. മലന്പുഴ ജവഹർ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കാണിക്കമാത കോണ്‍വന്റ് തുടങ്ങിയ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും.