എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിക്കില്ല: ജനകീയ കൂട്ടായ്മ
1507885
Friday, January 24, 2025 2:01 AM IST
എലപ്പുള്ളി: മണ്ണുക്കാട് മദ്യനിര്‍മാണശാല തുടങ്ങാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മദ്യനിര്മാണശാലവിരുദ്ധ ജനകീയ സമിതി രൂപവത്കരിച്ചു.
പരിസ്ഥിതി- പൗരവകാശ പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരില്‍ പ്ലാച്ചിമടയില്‍ കുടിവെള്ളവും കൃഷിവെള്ളവും മുട്ടിക്കുകയും മണ്ണും ജലവും മലിനമാക്കുകയും ചെയ്ത കൊക്കകോള വിരുദ്ധ സമരക്കാരോടൊപ്പംനിന്ന പാലക്കാട്ടെ രണ്ട് മന്ത്രിമാര്‍ കൊക്കകോളയേക്കാള്‍ പത്തിരിട്ടി ജലം കൊള്ള ചെയ്യുന്ന മദ്യകമ്പനിയെ എലപ്പുള്ളിയില്‍ കൊണ്ട് വരുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്ലാച്ചിമട സമര സമിതി ചെയര്മാന് വിളയോടി വേണുഗോപാലന്‍, ശ്രീനിവാസന് പുതുശ്ശേരി, വാരിജാക്ഷന്‍, കലാധരന്‍, സുധാകര ബാബു, ഷണ്മുഖദാസ്, വിജയകുമാര്‍ പ്രസംഗിച്ചു.
കമ്പനിക്കെതിരേ ജനകീയപോരാട്ടവും നിയമനടപടിക്കും മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.