പറമ്പിൽ കുഴിച്ചിട്ട എട്ടു ചാക്ക് ഹാൻസ് കണ്ടെടുത്തു
1479619
Sunday, November 17, 2024 2:24 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കിൻചിറയ്ക്കടുത്ത് പഴാർണിയിൽനിന്ന് പറമ്പിൽ കുഴിച്ചിട്ടനിലയിൽ എട്ടുചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകൾ വടക്കഞ്ചേരി പോലീസ് കണ്ടെടുത്തു.
പഴാർണി രാജാമണി എന്ന സ്ത്രീയുടെ വീട്ടുവളപ്പിൽനിന്നാണ് എട്ടു ചാക്കുകളിലായി 116 കിലോ പായ്ക്കറ്റുകൾ കണ്ടെടുത്തത്.
രഹസ്യവിവരത്തെതുടർന്നുള്ള അന്വേഷണത്തിലാണ് ഹാൻസ് കണ്ടെടുത്തത്. ചാക്കുകളിലാക്കിയ ഹാൻസ് പായ്ക്കറ്റുകൾ പറമ്പിൽ കുഴികളെടുത്ത് അതിൽ ഒളിപ്പിക്കുകയായിരുന്നു. കുഴികൾക്കു മുകളിൽ വാഴകളും നട്ടിരുന്നു. അടുത്ത ദിവസങ്ങളിലാണ് കൃത്യം ചെയ്തിട്ടുള്ളത്. രാജാമണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാൻസ് പായ്ക്കറ്റുകൾ കത്തിക്കാനായിരുന്നു ആദ്യശ്രമം. അസഹ്യമായ മണം പുറത്തുവന്നതോടെ അത് ഉപേക്ഷിച്ച് കുഴിയെടുത്തുമൂടുകയായിരുന്നു.
സ്ത്രീക്കു പരിചയമുള്ള മറ്റൊരാൾവഴിയാണ് ഹാൻസ് പായ്ക്കറ്റുകൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത്രയേറെ ഹാൻസ് പായ്ക്കറ്റുകൾ ഒളിപ്പിച്ചതു സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.