അരയങ്ങോട് ഭഗവതിക്ഷേത്രത്തിൽ നിറമാല ചുറ്റുവിളക്കുത്സവം തുടങ്ങി
1479988
Monday, November 18, 2024 5:27 AM IST
മണ്ണാർക്കാട്: അരയങ്ങോട് ഭഗവതി ക്ഷേത്രത്തിലെ നിറമാല ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവം തുടങ്ങി. ഏഴുദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി ദിവസവും ക്ഷേത്രത്തിൽ നടക്കുന്ന പൂജകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് പി.സി. ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽ ശാന്തി അഖിൽ നമ്പൂതിരിയുടേയും നേതൃത്വത്തിൽ നടക്കും.
എല്ലാദിവസവും രാവിലെ ഏഴിനു വൈകുന്നേരം 6.15ന് ദീപാരാധന മേളം, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം ഏഴുുമുതൽ ഒമ്പതുവരെ വിവിധ പരിപാടികളും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും. ഇന്നലെ നൃത്തനൃത്യങ്ങൾ നടന്നു. ഇന്ന് ഓട്ടംതുള്ളൽ, കോലാട്ടം, മണ്ണാർക്കാട് മെഗാ തിരുവാതിര ഗ്രൂപ്പിന്റെ തിരുവാതിരകളി, കൈകൊട്ടിക്കളി, ഫ്യൂഷൻസ് ഡാൻസ് എന്നിവയുണ്ടാകും.
നാളെ കൈകൊട്ടിക്കളി, നൃത്തവിസ്മയം, 20 ന് നൃത്തനൃത്യങ്ങൾ, 21 ന് ഭജനാമൃതം എന്നിവയുണ്ടാകും. സമാപനദിവസം 22 ന് രാവിലെ ആറിനു ക്ഷേത്രക്കുളത്തിൽ ആറാട്ട് എഴുന്നള്ളിപ്പ് നടത്തിയ ശേഷം അരയങ്ങോട് പടിഞ്ഞാറേക്കര വഴി മുണ്ടക്കണ്ണി ചുറ്റി അരയങ്ങോട് കിഴക്കേക്കര വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി ചേരും. ഉച്ചപൂജ, അന്നദാനം, വൈകുന്നേരം നാലു മണിക്ക് കാഴ്ചശീവേലി, 6.10ന് ദീപാരാധന, സന്ധ്യാവേല, പഞ്ചവാദ്യം, പ്രദക്ഷിണം. രാത്രി പത്തുമുതൽ 12 വരെ ഭക്തിഗാനമേള തുടർന്ന് അരിയേറ് എന്നിവ നടക്കും.