മന്ദത്തെ പൊതുകിണർപരിസരം വൃത്തിഹീനം, നടപടിയില്ല
1479991
Monday, November 18, 2024 5:27 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ സ്ഥാപനങ്ങളിലേക്കും കടകളിലേക്കും വെള്ളമെടുക്കുന്ന കിണർപരിസരം വൃത്തിഹീനമായ നിലയിൽ. ടൗണിൽ മന്ദത്ത് മിൽമ ബൂത്തിനടുത്തെ പൊതു കിണറിന്റെ വശങ്ങളാണു മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിട്ടുള്ളത്.
പലരും മൂത്രശങ്ക തീർക്കുന്നതും ഇവിടെയാണ്. ടൗണിലെ നിരവധി കടകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമായി ഉപയോഗിക്കുന്നതു ഈ പൊതു കിണറിലെ വെള്ളമാണെന്നതിനാൽ കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
കിണറിന്റെ ആൾമറക്കുചുറ്റും ഇത്തരത്തിൽ മാലിന്യം നിറയുന്നതു കിണറിലെ വെള്ളവും മലിനമാകാൻ കാരണമാകും. ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.