ആനക്കുട്ടി ചികിത്സയ്ക്കിടെ ചരിഞ്ഞു
1479618
Sunday, November 17, 2024 2:24 AM IST
പാലക്കാട്: കാട്ടാനക്കൂട്ടം ഉപേക്ഷിച്ച് അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചികിത്സയ്ക്കിടെ ചരിഞ്ഞു. 2023 ഒക്ടോബർ 26 നാണ് അഗളി ഷോളയൂർ കുത്തനടി ഭാഗത്ത് അവശനിലയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ മോഴയാനയെ കണ്ടെത്തിയത്. ആനക്കുട്ടിയെ വിദഗ്ധ ചികിത്സക്കായി ധോണി ആനക്യാന്പിലേക്ക് അഞ്ചു ദിവസത്തിന് ശേഷം കൊണ്ടുവരികയും ചെയ്തു.
വനം വകുപ്പ് മൃഗഡോക്ടർ ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി വരുന്നതിനിടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റ് പതിനൊന്നിന് ആനക്കുട്ടിയുടെ പിൻ കാലുകൾക്ക് ബലം ക്ഷയം സംഭവിക്കുകയും കിടപ്പിലാകുകയുമായിരുന്നു. തുടർന്ന് ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിൽ ആനക്കുട്ടിയെ വിദഗ്ധ ചികിത്സ നൽകി കൊണ്ടിരിക്കെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചരിഞ്ഞത്.
ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. മിഥുൻ പുത്തൂർ, ഡോ. സിറിൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.