കുമ്പളക്കോട് പാലം കൈവരികളും സൂചനാബോർഡുകളും കാടുമുടി
1479990
Monday, November 18, 2024 5:27 AM IST
നെന്മാറ: അന്തർസംസ്ഥാന പാതയായ മംഗലം- ഗോവിന്ദാപുരം പാതയിലെ കുമ്പളക്കോട് പാലത്തിന്റെ കൈവരികളും സൂചനാബോർഡുകളും കാടുമുടി കിടക്കുന്നതു ദുരിതമായി.
നെന്മാറ ദിശയിൽ നിന്നുവരുന്ന ഭാഗം ഒരാഴ്ച മുമ്പ് തൊഴിലുറപ്പുതൊഴിലാളികൾ വെട്ടിമാറ്റിയതോടെ പാലത്തിന്റെ കൈവരികൾ കാണാൻ പറ്റുന്ന വിധമാണെങ്കിലും അതു കഴിഞ്ഞ ഭാഗമാണു കാട്ടുചെടികൾ വളർന്ന് മറിഞ്ഞു നിൽക്കുന്നത്.
പാലത്തിന്റെ കൈവരിയോടുചേർന്ന് മഞ്ഞയും കറുപ്പും നിറത്തിൽ രാത്രി വാഹനങ്ങൾക്ക് തിരിച്ചറിയാനുള്ള ബോർഡും പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള വെളിച്ചം തട്ടുമ്പോൾ പ്രതിഫലിക്കുന്ന സ്റ്റിക്കറുകളും കാടുമുടി കിടക്കുകയാണ്.
ശബരിമല സീസൺ ആയതോടെ തമിഴ്നാടുഭാഗത്തുനിന്നും നിരവധി വാഹനങ്ങളാണ് വീതികൂടിയ രണ്ടുവരി റോഡിൽനിന്നും ഒറ്റവരി പാലത്തിലേക്കു പ്രവേശിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച വൈകുന്നേരം ചരക്കുമായിവന്ന ലോറി വീതികുറഞ്ഞ പാലത്തിൽ കയറി നീങ്ങാനാകാതെ നിന്നതോടെ ഗതാഗതതടസണ്ടാക്കി. ഇതോടെ പാലത്തിന്റെ ഇരുദിശങ്ങളിലും നീണ്ടവാഹനനിര രൂപപ്പെട്ടു.
ശബരിമല സീസൺ ആയതിനാൽ അപരിചിതരായ വാഹന ഡ്രൈവർമാർക്ക് റോഡിലെ പാലത്തിലെ കുപ്പിക്കഴുത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെട്ടു. പഞ്ചായത്ത് പൊതുമരാമത്ത് എന്നീ വകുപ്പുകൾ ഇടപെട്ട് പ്രദേശത്തെ കാടുമുടി കിടക്കുന്ന പുല്ലുകൾ വെട്ടി മാറ്റി ഡ്രൈവർമാർക്ക് സുഗമസഞ്ചാരത്തിനു സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.