രായിരനെല്ലൂർ മലകയറ്റം; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
1461568
Wednesday, October 16, 2024 6:47 AM IST
പാലക്കാട്: രായിരനെല്ലൂർ മലകയറ്റം 17, 18 ദിവസങ്ങളിൽ നടക്കുന്നതിനാൽ കൊപ്പം - തിരുവേഗപ്പുറ പാതയിൽ നാളെ രാവിലെമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ശിവശങ്കരൻ അറിയിച്ചു.
ചരക്കുലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. കൊപ്പം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങൾ വിളയൂർ - നെടുങ്ങോട്ടൂർ - കൈപ്പുറം വഴിയും വളാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ - ചെമ്പ്ര വഴിയും പോകേണ്ടതാണ്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടുപോകരുത്.
ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. പൊതുസുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്രാവേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും ഒഴിവാക്കണം എന്നും കൊപ്പം എസ്എച്ച്ഒ അറിയിച്ചു.
ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ 170 ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ് വാരത്തും ഉണ്ടായിരിക്കും.