ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ച് ട്രെയിൻ മോഡലൊരുക്കി ലീഡ് കോളജ് വിദ്യാർഥികൾ
1458698
Thursday, October 3, 2024 6:51 AM IST
ധോണി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു ട്രെയിൻ മോഡൽ നിർമിച്ചു ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാർഥികൾ.
സ്വച്ഛത ഹി സേവാ 2024 പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽ ലീഡ് കോളജ് നിരവധി പരിപാടികൾ നടത്തിയതിന്റെ ഭാഗമായായിരുന്നു വേറിട്ട നിർമിതി.
എട്ടുദിവസങ്ങൾ നീണ്ട പ്രയത്നത്തിൽ നിർമിച്ച ട്രെയിൻ മാതൃക പൂർത്തിയാക്കുവാൻ 3000 കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ലീഡ് കോളജ് ഗ്രീനിംഗ് ക്ലബ് വിദ്യാർഥികളാണു കലാവിരുതിനു പിന്നിൽ.
ട്രെയിൻ മാതൃക ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുൻപിൽ ഇന്നലെ പ്രദർശിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും റെയിൽവേ ഉദ്യോഗസ്ഥരുംചേർന്ന് സൈക്കിൾത്തോണും സംഘടിപ്പിച്ചു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കോളജ് വിദ്യാർഥികൾ ഭീമാകാര ക്രിസ്മസ് ട്രീ നിർമിച്ചതും ശ്രദ്ധേയമായിരുന്നു.