പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് പണം നഷ്ടപ്പെടുന്നെന്നു പരാതി
1458046
Tuesday, October 1, 2024 7:02 AM IST
വടക്കഞ്ചേരി: പ്രദേശവാസികൾക്കു സൗജന്യ പ്രവേശനമുള്ള പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പണം നഷ്ടപ്പെടുന്നതായി പരാതി.
പലതവണ ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നാണു പരാതികളുള്ളത്. അണക്കപ്പാറയിലെ തൈപ്പറമ്പിൽ ആന്റണിയുടെ അക്കൗണ്ടിൽനിന്നും കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ എട്ടുതവണ പണം നഷ്ടപ്പെട്ടു. വാഹനം കടന്നുപോയി മൊബൈലിൽ മെസേജ് വരുമ്പോഴാണു പണം നഷ്ടപ്പെട്ടതറിയുക. എന്നാൽ അത്യാവശ്യങ്ങൾക്കു പോകുന്നവർ പലപ്പോഴും മൊബൈലിലെ മെസേജ് ശ്രദ്ധിക്കാറില്ല.
മറ്റു ടോളുകൾ കടക്കുന്നതിനിടെയാകും ചിലപ്പോൾ ഫാസ്ടാഗിൽ പണം ഇല്ലെന്നറിയുക. പരാതിപ്പെടുന്നവർ പ്രശ്നമാക്കുമെന്നുകണ്ടാൽ കരാർകന്പനി ഉടനടി പണംതിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാൻ നടപടിയെടുക്കും. അതല്ലെങ്കിൽ പല സാങ്കേതികത്വംപറഞ്ഞ് വട്ടംകറക്കും. സൗജന്യ ട്രാക്കിലെ കൗണ്ടർകടന്ന് വാഹനംനിൽക്കുമ്പോൾ സമീപ ട്രാക്കിലെ സെൻസർ വഴി ഫാസ്ടാഗിൽ നിന്നും പണംനഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണു ടോൾകമ്പനി പറയുന്നത്. എന്നാൽ ഈ പിഴവ് പരിഹരിക്കാൻ ഇതുവരേയും നടപടി സ്വീകരിക്കുന്നുമില്ല.
ട്രാക്കിൽ വർക്ക് നടക്കുന്നുണ്ടെന്നു പറഞ്ഞ് ചില ദിവസങ്ങളിൽ പ്രദേശവാസികളുടെ വാഹനങ്ങൾ മറ്റു ട്രാക്കുകളിലൂടെ പറഞ്ഞു വിടുന്നുണ്ട്. ഈ സമയവും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടാൻ ഇടയാകുന്നുണ്ട്. ഈ തട്ടിപ്പിനെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തു വരാനാണു പ്രദേശവാസികളുടെ കൂട്ടായ്മയുടെ തീരുമാനം.